നികുതിഭാരം കൂട്ടി: ഇന്നോവ അടക്കമുള്ള ജനപ്രിയ വാഹനങ്ങള്‍ക്ക് വില കൂടും

എം.യു.വികൾക്കും എം.പി.വികൾക്കും സെസ് നിലവിലെ 20 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കൂട്ടാൻ കേന്ദ്രം തീരുമാനിച്ചതോടെ ടൊയോട്ട ഇന്നോവ അടക്കമുള്ള ഈ ശ്രേണിയിലെ ജനപ്രിയ മോഡലുകൾക്ക് വില കൂടും. ഇന്നോവ ഹൈക്രോസ് പെട്രോൾ,​ ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്ക് നികുതി വർദ്ധന ബാധകമാകും. അതേസമയം,​ ഹൈക്രോസ് ഹൈബ്രിഡിന്റെ സെസ് 15 ശതമാനത്തിൽ തന്നെ തുടരും.

മാനദണ്ഡം

1,500 സിസിക്കു മുകളില്‍ എന്‍ജിന്‍ ശേഷി, 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ്, നാല് മീറ്ററില്‍ കൂടുതല്‍ നീളം എന്നീ സ്‌പെസിഫിക്കേഷനുള്ള വാഹനങ്ങളാണ് യൂട്ടിലിറ്റി വിഭാഗത്തില്‍ വരുന്നത്. ഇതിലേതെങ്കിലും മാനദണ്ഡത്തില്‍ കുറവ് വന്നാല്‍ സെസ് 20%ആയി തുടരും.

എസ്.യു.വികള്‍ക്ക് നിലവില്‍ 22 ശതമാനം ജി.എസ്.ടി സെസുണ്ട്. ഹൈബ്രിഡ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 15 ശതമാനവും. യൂട്ടിലിറ്റി ഗണത്തില്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും 22% ബാധകമാക്കാൻ തീരുമാനിച്ചതോടെയാണ് ഇന്നോവ ഉൾപ്പെടുന്ന ശ്രേണിയിലെ വാഹനങ്ങളുടെ സെസ് 20ൽ നിന്ന് 22 ശതമാനമാകുന്നത്. ഇതോടെ നിലവില്‍ കുറഞ്ഞ സെസുള്ള വാഹനങ്ങളുടെ വിലയും ഉയരും. 28% ജി.എസ്.ടിക്ക് പുറമേയാണ് വാഹനങ്ങൾക്ക് 22% സെസ് ഈടാക്കുന്നത്.

വില കൂടുമ്പോൾ

മറ്റു കാറുകൾകളെ സെസ് വർധന എങ്ങനെ ബാധിക്കുമെന്നത് ഇപ്പോൾ വ്യക്തമല്ല.സെസ് വർദ്ധന സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം വന്നശേഷം വില നിർണയത്തിലേക്ക് എത്താനാണ് കാർ നിർമാതാക്കൾ കാത്തിരിക്കുന്നത്.

വാഹനങ്ങളുടെ ബ്രോഷറുകളില്‍ നല്‍കിയിരിക്കുന്ന സ്‌പെസിഫിക്കേഷനും സര്‍ട്ടിഫിക്കറ്റിനായി നല്‍കിയിരിക്കുന്ന സ്‌പെസിഫിക്കേഷനും തമ്മില്‍ വ്യത്യാസമുണ്ട്. വിപണിയിലെത്തുന്നതിനു മുമ്പുള്ള ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it