
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ 2023 ഡിസംബറോടെ ഓടിത്തുടങ്ങത്തക്കവിധത്തില്‍ പദ്ധതിയുടെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അച്ചാല്‍ ഖരേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മൂവായിരത്തോളം രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണിത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയിട്ട് ഇന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയായി.
മണിക്കൂറില്‍ 320-350 കിലോമീറ്ററാകും ബുള്ളറ്റ് ട്രെയിനിന്റെ വേഗത. 12 സ്റ്റേഷനുകളിലും നിര്‍ത്തിയാല്‍ 2.58 മണിക്കൂര്‍ കൊണ്ട് ബുള്ളറ്റ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തും.
ഹൈ സ്പീഡ് റെയില്‍ ഇടനാഴിക്ക് വേണ്ടത് മൊത്തം 1,380 ഹെക്ടര്‍ സ്ഥലമാണ്. ഇതുവരെ 45 ശതമാനം വരുന്ന 622 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഗുജറാത്തില്‍ ഏറ്റെടുക്കേണ്ട 5,300 സ്വകാര്യ പ്ലോട്ടുകളില്‍ 2,600 ഓളം പ്ലോട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പദ്ധതി പ്രദേശത്തെ വലിയ മരങ്ങള്‍ പറിച്ചുനടാനായി എന്‍എച്ച്എസ്ആര്‍സിഎല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങള്‍ വിന്യസിച്ചിട്ടുള്ളതായി ഖരേ അറിയിച്ചു.'ഇതുവരെ 4,000 വലിയ മരങ്ങള്‍ മറ്റിടങ്ങളിലേക്ക് പറിച്ചുനട്ടു'
മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാര്‍. 15 വര്‍ഷത്തെ ഗ്രേസ് പീരീഡുമുണ്ട്. പ്രതിവര്‍ഷം 0.1 ശതമാനം പലിശ നിരക്കില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയാണ് നിക്ഷേപം നടത്തുന്നത്. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായി 24 ഹൈ-സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യും.
ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ 508 കിലോമീറ്റില്‍ 27 കിലോമീറ്റര്‍ തുരങ്കപാതയും 13 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമായിരിക്കും. ഏഴ് കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിന്‍ കടന്നു പോവും. 21 കിലോമീറ്ററാണ് ഈ തുരങ്ക പാതയുടെ ദൂരം.
Read DhanamOnline in English
Subscribe to Dhanam Magazine