പുതുവര്‍ഷാരംഭത്തില്‍ നിരത്ത് കീഴടക്കാന്‍ എത്തുന്നത് ഈ പുത്തന്‍ കാറുകള്‍

ഓട്ടേറെ പുത്തന്‍ കാറുകളാണ് പുതുവര്‍ഷാരംഭത്തില്‍ തന്നെ നിരത്തിലിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. ഈ മാസം വിവിധ കമ്പനികളുടെ പുത്തന്‍ മോഡലുകള്‍ വിപണിയിലെത്തും.

എത്തുന്നത് ഈ കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്:

ഹ്യൂണ്ടായ് ക്രെറ്റ

ഹ്യൂണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി 16ന് വിപണിയിലെത്തും. ഇത് പുതുക്കിയ കിയ സെല്‍റ്റോസിന്റെ അതേ എന്‍ജിന്‍ ശേഷികളില്‍ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഇതില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏതാനും ടീസര്‍ ചിത്രങ്ങള്‍ കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഡീലര്‍ഷിപ്പുകള്‍ ഇതിന്റെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

കിയ സോണറ്റ്

പുതുക്കിയ കിയ സോണറ്റ് ഫെയ്‌സ്‌ലിഫ്റ്റ് സെല്‍റ്റോസിനോട് സാമ്യമുള്ളതാണ്. ഇത് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും ഒരു ഡീസല്‍ മോട്ടോറുമായാണ് എത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ 118 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കും നല്‍കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 81 ബി.എച്ച്.പി കരുത്തും 115 എന്‍.എം ടോര്‍ക്കും നല്‍കുമ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 113 ബി.എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കും നല്‍കും. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. 2024 ഫെബ്രുവരിയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഡീസല്‍ ഐ.എം.ടി വേരിയന്റുകള്‍ ഒഴികെ സോണറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില്‍പ്പന ജനുവരിയില്‍ തന്നെ ആരംഭിക്കും.

മെഴ്സിഡീസ്-ബെന്‍സ് ജി.എല്‍.എസ്

മെഴ്സിഡീസ്-ബെന്‍സ് ജി.എല്‍.എസ് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി 8ന് വിപണിയിലെത്തും. നിലവില്‍, 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോറിലും 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റിലും ജി.എല്‍.എസ് ലഭ്യമാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനം വാഗ്ദാനം ചെയ്യുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഇതേ എഞ്ചിന്‍ ഉപയോഗിക്കാനാണ് സാധ്യത. കാറിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര എക്‌സ്.യു.വി400 ഇവി, എക്‌സ്.യു.വി300

എക്‌സ്.യു.വി400 ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര. കമ്പനിയുടെ വൈദ്യുത എസ്.യു.വിയുടെ രണ്ട് പുതിയ വേരിയന്റുകളും ഉടന്‍ വിപണിയിലെത്തിയേക്കും. വൈദ്യുത എസ്.യു.വി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് എത്തുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് മഹീന്ദ്ര എക്‌സ്.യു.വി300 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. മുന്‍വശത്ത് സി ആകൃതിയിലുള്ള എല്‍.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും എല്‍.ഇ.ഡി ലൈറ്റ് ബാറുകളുമുള്‍പ്പെടെയാണ് ഇതെത്തുന്നത്.

മാരുതി വാഗണ്‍ആര്‍

വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിളങ്ങുന്ന മോഡലായ മാരുതി സുസുക്കി വാഗണ്‍ ആറിന്റെ പുത്തന്‍ പതിപ്പും ഉടനെത്തുമെന്ന് കമ്പനി. വാഗണ്‍ ആറിന്റെ ആറാം തലമുറ പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. ഇതിന് 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it