കേന്ദ്രത്തിന്റെ സബ്‌സിഡി ആനുകൂല്യം ഈ 11 കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രം

രാജ്യത്ത് 11 വൈദ്യുത വാഹന (ഇ.വി) നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രം അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം (ഇ.എം.പി.എസ്) 2024 പ്രകാരം ഇന്‍സെന്റീവുകള്‍ക്കുള്ള അനുമതി ലഭിച്ചു. ഏഥര്‍ എനര്‍ജി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഒല ഇലക്ട്രിക്, മഹീന്ദ്ര, ബി ഗൗസ് ഓട്ടോ, ടി.വി.എസ് മോട്ടോര്‍, ക്വാണ്ടം എനര്‍ജി, ഹോപ്പ് ഇലക്ട്രിക്, കൈനറ്റിക് ഗ്രീന്‍, ടി.ഐ ക്ലീന്‍ മൊബിലിറ്റി എന്നീ കമ്പനികള്‍ക്കാണ് അനുമതി ലഭിച്ചത്.

പദ്ധതിയുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ സര്‍ക്കാര്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക രജിസ്‌ട്രേഷനുണ്ട്. അംഗീകാരം ലഭിച്ച കമ്പനികള്‍ക്ക് അതത് അംഗീകാര തീയതി മുതല്‍ ഇന്‍സെന്റീവിന് അര്‍ഹതയുണ്ട്. മറ്റ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള അപേക്ഷകള്‍ ഇപ്പോഴും സ്വീകരിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ വൈദ്യുതവാഹന നയമാണ് 'ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 എന്ന 500 കോടി രൂപയുടെ പദ്ധതി. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (FAME-II) പദ്ധതിയുടെ രണ്ടാംഘട്ടം അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ഈ പദ്ധതിയുടെ വരവ്. 2024 മാര്‍ച്ച് 31ന് ഫെയിം-II പദ്ധതി അവസാനിച്ചു. ഫെയിം-II സബ്സിഡി അനിശ്ചിതമായി തുടരാന്‍ കഴിയാത്തതിനാലാണ് സബ്സിഡിക്ക് ശേഷമുള്ള കാലഘട്ടം വ്യവസായത്തെ പിന്തുണയ്ക്കാന്‍ പുതിയ നയം അവതരിപ്പിച്ചത്.

ജൂലൈ വരെ നീളുന്ന പുത്തന്‍ ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പദ്ധതി പ്രകാരം വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് ബാറ്ററി കിലോവാട്ട് അവറിന് (kwH) 5,000 രൂപ വീതം സബ്സിഡി അനുവദിക്കും. 10,000 രൂപയാണ് പരമാവധി ലഭിക്കുന്ന സബ്സിഡി. ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കല്‍ തുക 333.39 കോടി രൂപയാണ്. ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പ്രകാരം വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില കൂടുതല്‍ ആയിരിക്കും.

Related Articles

Next Story

Videos

Share it