

രാജ്യത്തെ ടൂ/ത്രീവീലര്‍ സുരകഷാ മാനദണ്ഡങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം വരുന്നു. വാഹനത്തിന്റെ എഞ്ചിന്‍, എമിഷന്‍ എന്നിവയിലെ തകരാറുകള്‍ കണ്ടുപിടിക്കാനുള്ള പ്രത്യേക ഉപകരണം സ്ഥാപിച്ച വാഹനങ്ങളേ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കാന്‍ കഴിയൂ. ഫെബ്രുവരി മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ കമ്പനികള്‍ ഇത് ഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് മുമ്പ് നിര്‍മിച്ചതും ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നതുമായ വാഹനങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം മാറിയിട്ടില്ലെന്നാണ് ഷോറൂമുകാരുടെ പരാതി. മാര്‍ച്ച് 31ന് ശേഷവും പഴയ മോഡല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് വാഹന നിര്‍മാണ കമ്പനികള്‍ പറയുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന ഇരുചക്ര/ മുചക്ര വാഹനങ്ങളില്‍ ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക് (ഒ.ബി.ഡി 2ബി) ഉപകരണം സ്ഥാപിച്ചിരിക്കണം. വാഹനത്തിന്റെ എമിഷന്‍, എഞ്ചിന്‍ മിസ് ഫയര്‍ തുടങ്ങിയ കാര്യങ്ങള്‍ ലൈവായി രേഖപ്പെടുത്തുന്ന ഉപകരണമാണിത്. വാഹനത്തിനുണ്ടാകാന്‍ സാധ്യതയുള്ള വലിയ തകരാറുകള്‍ മുന്‍കൂട്ടി മനസിലാക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനും ഒ.ബി.ഡി സഹായിക്കും. വാഹനത്തിന്റെ തകരാറുകള്‍ എളുപ്പത്തില്‍ മനസിലാക്കാനും ഇതുവഴി സാധിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള ബി.എസ് 6 ചട്ടങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം.
അതേസമയം, പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതോടെ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ഇരുചക്ര/മുച്ചക്ര വാഹനങ്ങളുടെ വില 1-2 ശതമാനം വര്‍ധിക്കുമെന്ന് ഉറപ്പായി. കൂടുതല്‍ വില്‍പ്പന നടക്കുന്ന എന്‍ട്രി സെഗ്‌മെന്റിലെ വാഹനങ്ങളുടെ വില വര്‍ധിക്കുന്നത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിലവില്‍ വാഹന ലോകം. ഏപ്രില്‍ ഒന്നിന് ശേഷമുള്ള വില്‍പ്പന ട്രെന്‍ഡുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബി.എസ് 4ല്‍ നിന്നും ബി.എസ് 6ലേക്ക് മാറിയ 2020ലുണ്ടായ പ്രതിസന്ധി ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് വാഹനലോകം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബി.എസ് 4 വാഹനങ്ങള്‍ക്ക് പകരം ബി.എസ് 6 വാഹനങ്ങള്‍ മാത്രം വില്‍ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ പ്രതിസന്ധിയിലായ വാഹന കമ്പനികള്‍ വമ്പന്‍ വിലക്കുറവിലാണ് ബി.എസ് 4 വാഹനങ്ങള്‍ വിറ്റൊഴിവാക്കിയത്. ഇതിന് സാധിക്കാത്ത മോഡലുകള്‍ കെട്ടിക്കിടന്നത് ഷോറൂമുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് മുന്‍കൂട്ടി കണ്ട വാഹന കമ്പനികള്‍ ഇത്തവണ ഫെബ്രുവരി മുതല്‍ ഷോറൂമുകളിലേക്കുള്ള വിതരണം കുറച്ചിരുന്നു. സുസുക്കി, ഹോണ്ട, ടി.വി.എസ് പോലുള്ള കമ്പനികള്‍ ഇതിനോടകം തന്നെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine