ടൊയോട്ടയുടെ ആഡംബരം,​ സിനിമാക്കാരുടെ പ്രിയ മോഡൽ; വില ₹1.20 കോടി

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ശ്രേണിയില്‍പെടുന്ന മള്‍ട്ടിപര്‍പ്പസ് വാഹനമായ വെൽഫയറിന്റെ നാലാം തലമുറ വിപണിയിലെത്തി. ഹൈ, വി.ഐ.പി വേരിയന്റുകളിൽ അവതരിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന്റെ വില യഥാക്രമം ₹1.20 കോടി, 1.30 കോടി എന്നിങ്ങനെയാണ്.

മലയാളി സിനിമതാരങ്ങളുള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് വെല്‍ഫെയര്‍. ഒരു കാരാവന് സമാനമായ സൗകര്യങ്ങളാണ് വെൽഫയറിനെ പ്രിയങ്കരമാക്കുന്നത്. നടന്‍ മോഹന്‍ലാലാണ് സിനിമ താരങ്ങളിൽ ആദ്യം ഈ വാഹനം സ്വന്തമാക്കിയത്. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, ബിജുമേനോന്‍, വിജയ് ബാബു തുടങ്ങിയവരും സ്വന്തമാക്കിയവരില്‍പെടുന്നു
പുതിയ പരിഷ്‌കാരങ്ങള്‍
ടൊയോട്ടയുടെ ടി.എന്‍.ജി.എ-കെ പ്ലാറ്റ്‌ഫോമിലാണ് പുതിയ വെല്‍ഫയറിനെ അവതരിപ്പിച്ചിരിക്കുന്നത്. തലയെടുപ്പ് തോന്നിക്കുന്ന വിധത്തിൽ ലുക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. . അഞ്ച് മീറ്ററോളം നീളമുള്ള വാഹനത്തിന്റെ മുന്നിലെ 6 സ്ലാറ്റ് ഗ്രില്ലാണ് പ്രധാന ആകര്‍ഷണം. പുനര്‍രൂപകല്‍പ്പന ചെയ്ത വെര്‍ട്ടിക്കല്‍ വെന്റോടു കൂടിയ എല്‍.ഇ.ഡി ഹെഡ് ലാംപുകള്‍, വശങ്ങളിലെ ക്രോം ട്രിമ്മുകള്‍ എന്നിവയും വെല്‍ഫെയറിനെ വേറിട്ട്‌ നിർത്തുന്നു.
ആഡംബരത്തിന്റെ അകത്തളം
ആഡംബരം നിറഞ്ഞ അകത്തളമാണ് ഇതിലുള്ളത്. 14 ഇഞ്ച് സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, 15 സ്പീക്കര്‍ ജെ.ബി.എല്‍ സൗണ്ട് സിസ്റ്റം എന്നിവയുണ്ട്. എക്‌സിക്യൂട്ടീവ് ലോഞ്ചില്‍ 14 ഇഞ്ച് റിയര്‍ സീറ്റ് എന്റര്‍ടെയ്ൻമെന്റ് നല്‍കിയിട്ടുണ്ട്. രണ്ടാം നിരയില്‍ മസാജ് സൗകര്യവും വേര്‍പെടുത്തിയെടുക്കാവുന്ന പവര്‍ കണ്‍ട്രോള്‍ സിസ്റ്റവുമുണ്ട്. താഴേക്ക് വലിക്കാവുന്ന സണ്‍ ബ്ലൈന്‍ഡുകള്‍, സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാവുന്ന മൂണ്‍റൂഫ് ഷെയ്ഡുകള്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സണ്‍സെറ്റ് ബ്രൗണ്‍, ന്യൂട്രല്‍ ബീജ്, ബ്ലാക്ക് നിറങ്ങളിലാണ് ഇന്റീരിയര്‍ വരുന്നത്.
കരുത്ത്
ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് വെല്‍ഫെയര്‍ എത്തിയിരിക്കുന്നത്. 180 ബി.എച്ച്.പി കരുത്തും 240 എന്‍എം ടോര്‍ക്കും എൻജിൻ പ്രദാനം ചെയ്യുന്നു. വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 19.28 കിലോമീറ്ററാണ്.
ആറ് എയര്‍ ബാഗുകള്‍, വി.എസ്.സി, പനോരമിക് വ്യൂ മോണിറ്റര്‍, പാര്‍ക്കിംഗ് അസിസ്റ്റ് അലര്‍ട്ട്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും ഫെല്‍ഫെയറിലുണ്ട്. പേള്‍ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രഷ്യസ് മെറ്റല്‍ എന്നീ മൂന്ന് നിറങ്ങളിലാണ് വാഹനം ലഭ്യമാകുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it