പണി കിട്ടിയത് മേസ്തിരി വണ്ടികൾക്ക്; ബസ് വിപണിയിലെ പുതിയ ട്രെൻഡ് ഇങ്ങനെ, നേട്ടം കൊയ്ത് ടാറ്റയും ലെയ്ലാൻഡും

ബസിന്റെയും ട്രക്കിന്റെയും ചേസിസ് കമ്പനിയിൽ നിന്നിറക്കി ഇഷ്ടമുള്ള രീതിയില്‍ നിര്‍മിച്ചെടുക്കുന്നതായിരുന്നു കുറച്ചുകാലം മുമ്പു വരെ വാഹന വിപണിയിലെ രീതി. എന്നാൽ കമ്പനിയിൽ നിന്ന് തന്നെ പൂർണ്ണമായും ബോഡി കെട്ടിയ വാഹനങ്ങൾ വാങ്ങുന്നതാണ് നിലവിലെ ട്രെൻഡ്. ഇത്തരം ഫുള്ളി ബിൽറ്റ് യൂണിറ്റുകളിലാണ് (എഫ്. ബി.യു) പ്രമുഖ കമ്പനികളായ അശോക് ലെയ്ലാന്റിന്റെയും ടാറ്റയുടെയും ഇപ്പോഴത്തെ ശ്രദ്ധ. കഴിഞ്ഞ 5 വർഷത്തിൽ ഈ കമ്പനികളുടെ എഫ്. ബി യു വിൽപ്പനയിൽ വലിയ വളർച്ചയുണ്ടായെന്ന് ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ട്രെൻഡ് മാറ്റത്തിന് പിന്നിൽ

മികച്ച ഗുണമേന്മ, യാത്രാസുഖം, കാണാനുള്ള ഭംഗി, നല്ല ഇന്റീരിയർ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഉപയോക്താക്കൾ എഫ്.ബി.യുവിലേക്ക് തിരിയുന്നത്. കൂടാതെ ഇത്തരം വാഹനങ്ങൾക്ക് ഉയർന്ന വായ്പാതുക ലഭിക്കുമെന്നതും കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ആഫ്ടർ സെയിൽസ്, വാറണ്ടി എന്നീ ഘടകങ്ങളും ആളുകളെ ആകർഷിക്കുന്നു. റൂട്ട് ബസ്സുകൾക്കും , സ്കൂൾ കുട്ടികളെയും ജീവനക്കാരെയും കൊണ്ടുപോകുവാനുള്ള ബസ്സുകൾക്കുമാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ടൂറിസ്റ്റ് ബസുകളുടെ കാര്യത്തിൽ ബോഡി നിർമാണ യൂണിറ്റുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത് .

കേരളത്തിലും മാറ്റം

കേരളത്തിലെ സ്വകാര്യ ബസ് മേഖലയിലും എഫ്.ബി.യു വാഹനങ്ങളുടെ ട്രെൻഡ് സാധാരണമായിട്ടുണ്ട്. ഗ്രാമീണ റൂട്ടുകളിൽ പുതുതായി ഇറക്കുന്ന ബസുകളിൽ പലതും കമ്പനിയിൽ നിന്നും എല്ലാ പണിയും തീർത്ത് ഇറങ്ങുന്നവയാണ്. അടുത്തിടെ കെ. എസ്. ആർ. ടി.സിയും ഇത്തരത്തിൽ മിനി ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു. 33 സീറ്റുള്ള ബസുകളാണ് ടാറ്റയിൽ നിന്നും വാങ്ങുന്നത്. അശോക് ലൈലാന്‍ഡില്‍നിന്ന് 36 സീറ്റുള്ള ബസും ഐഷറില്‍നിന്ന് 28 സീറ്റുള്ള ബസുകളും അധികം വൈകാതെ എത്തും. നേരത്തെ കമ്പനിയിൽ നിന്നും ചേസിസ് വാങ്ങി സ്വന്തം വർക് ഷോപ്പിൽ ബോഡി പണിയുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ രീതി. മേസ്തിരി വണ്ടികൾ എന്നറിയപ്പെടുന്ന ഈ വാഹനങ്ങൾക്ക് പകരം ഇപ്പോൾ കമ്പനിയിൽ നിന്ന് തന്നെ നേരിട്ട് ബസ്സുകൾ ഇറക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
Related Articles
Next Story
Videos
Share it