കേരളത്തില്‍ പുത്തന്‍ വാഹന വില്‍പന ഇടിഞ്ഞു; ഉത്സവകാലത്ത് കരകയറാമെന്ന് പ്രതീക്ഷ

സാമ്പത്തിക മാന്ദ്യം ഉപയോക്താക്കളെ വലയ്ക്കുന്നുവെന്ന് വ്യക്തമാക്കി ഒക്ടോബറില്‍ കേരളത്തില്‍ പുതിയ വാഹന വില്‍പന 10.52 ശതമാനം കുറഞ്ഞു. 2022 ഒക്ടോബറിലെ 65,557ല്‍ നിന്ന് കഴിഞ്ഞമാസം 58,654 എണ്ണത്തിലേക്കാണ് വില്‍പന താഴ്ന്നതെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കി.

പുതിയ കാറുകളുടെ വില്‍പന 16,625ല്‍ നിന്ന് 8.95 ശതമാനം താഴ്ന്ന് 15,137 എണ്ണത്തിലെത്തി. പുത്തന്‍ ടൂവീലറുകളുടെ വില്‍പനയാകട്ടെ 43,908ല്‍ നിന്ന് 37,062 ആയും കുറഞ്ഞു; ഇടിവ് 15.6 ശതമാനം.
അതേസമയം, മുച്ചക്ര (ഓട്ടോറിക്ഷ) വില്‍പന 1,725ല്‍ നിന്ന് 62.3 ശതമാനം വര്‍ധിച്ച് 2,800ലെത്തി. 11.88 ശതമാനം വര്‍ധനയോടെ പുതുതായി 2,796 വാഹനങ്ങളും കഴിഞ്ഞമാസം നിരത്തിലെത്തിയെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (ഫാഡ) കണക്കുകളും ചൂണ്ടിക്കാട്ടുന്നു; 2022 ഒക്ടോബറില്‍ വില്‍പന 2,499 എണ്ണമായിരുന്നു. ട്രാക്ടര്‍ വില്‍പന 9ല്‍ നിന്ന് 90 എണ്ണമായി വര്‍ധിച്ചു; നേട്ടം 900 ശതമാനം.
തിരിച്ചടിയുടെ പാതയില്‍
വിതരണശൃംഖയിലെ തടസ്സങ്ങളാണ് പാസഞ്ചര്‍ (കാര്‍) വാഹന വില്‍പനയെ തുടര്‍ച്ചയായി തളര്‍ത്തുന്നതെന്ന് ഫാഡ കേരള ചെയര്‍മാന്‍ മനോജ് കുറുപ്പ് അഭിപ്രായപ്പെട്ടു. ഉത്സവകാലത്തിന്റെ പിന്‍ബലത്തില്‍ സമീപഭാവിയില്‍ തന്നെ വിപണി നേട്ടത്തിലേക്ക് കരകയറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വമ്പന്മാര്‍ക്കും ക്ഷീണം
കാര്‍ ശ്രേണിയില്‍ മാരുതിയുടെ വില്‍പന കഴിഞ്ഞമാസം 8,551ല്‍ നിന്ന് 6.73 ശതമാനം താഴ്ന്ന് 7,975 ആയി. ഹ്യുണ്ടായി പക്ഷേ പുത്തന്‍ ഉപയോക്താക്കളുടെ എണ്ണം 1,462ല്‍ നിന്ന് 1,508ലേക്ക് ഉയര്‍ത്തി.
കിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, സ്‌കോഡ, നിസാന്‍, ഹോണ്ട, റെനോ എന്നിവയും വില്‍പന നഷ്ടമാണ് കഴിഞ്ഞമാസം കുറിച്ചത്. അതേസമയം എം.ജി., ടൊയോട്ട എന്നിവ വില്‍പന നേട്ടം കുറിച്ചു. ടൂവീലറുകളില്‍ ഹോണ്ട തന്നെയാണ് കേരളത്തില്‍ ഒന്നാമത്. കഴിഞ്ഞമാസം വില്‍പന പക്ഷേ 13,071ല്‍ നിന്ന് 9,901ലേക്ക് താഴ്ന്നു.
ഹീറോ മോട്ടോര്‍കോര്‍പ്പിന്റേത് 3,986ല്‍ നിന്ന് 3,500ലേക്കും യമഹയുടേത് 3,863ല്‍ നിന്ന് 3,108ലേക്കും റോയല്‍ എന്‍ഫീല്‍ഡിന്റേത് 4,538ല്‍ നിന്ന് 2,988ലേക്കും സുസുക്കിയുടേത് 3,999ല്‍ നിന്ന് 3,562ലേക്കും കുറഞ്ഞുവെന്ന് പരിവാഹന്‍ രജിസ്ട്രേഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇലക്ട്രിക്കില്‍ ഓല
ഇലക്ട്രിക് ടൂവീലറുകളില്‍ ഓല തന്നെയാണ് ഒന്നാംസ്ഥാനത്ത്. 1,007ല്‍ നിന്ന് വില്‍പന കമ്പനി 1,979ലേക്ക് മെച്ചപ്പെടുത്തി. അതേസമയം, ഏഥറിന്റെ വില്‍പന 1,176ല്‍ നിന്ന് 964ലേക്ക് കുറഞ്ഞു. ഹീറോ ഇലക്ട്രിക്കിന്റെ പുതിയ ഉപയോക്താക്കളുടെ എണ്ണം 207ല്‍ നിന്ന് കുറഞ്ഞത് 25ലേക്കാണ്.
സംസ്ഥാനത്ത് എല്ലാ വിഭാഗം വാഹന ശ്രേണികളിലുമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (EV) വലിയ സ്വീകാര്യതയുണ്ടെന്നും പരിവാഹന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം പുതുതായി വിറ്റഴിഞ്ഞത് 6,169 ഇലക്ട്രിക് വാഹനങ്ങളാണ്. 2022 ഒക്ടോബറില്‍ 4,299 എണ്ണമായിരുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാകട്ടെ 5,710 എണ്ണവും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it