ലക്ഷ്വറി കാറുകളെ വെല്ലുന്ന ലുക്ക്, നിസാന്റെ 7 സീറ്റര്‍ എം.പി.വി 'ഗ്രാവൈറ്റ്‌' എത്തി, വിലയോ വെറും ₹5.65 ലക്ഷം! പക്ഷെ ഒരു കാര്യമുണ്ട്

എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിക്കൊണ്ട് നിസാന്‍ ഞെട്ടിച്ചിട്ടുണ്ട്
ലക്ഷ്വറി കാറുകളെ വെല്ലുന്ന ലുക്ക്, നിസാന്റെ 7 സീറ്റര്‍ എം.പി.വി 'ഗ്രാവൈറ്റ്‌' എത്തി, വിലയോ വെറും ₹5.65 ലക്ഷം! പക്ഷെ ഒരു കാര്യമുണ്ട്
Published on

ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നിസാന്‍ ഏറ്റവും പുതിയ 7 സീറ്റര്‍ എംപിവി (MPV) ആയ 'ഗ്രാവൈറ്റ്‌' (Gravite) പുറത്തിറക്കി. റെനോ ട്രൈബറിന് വെല്ലുവിളിയുമായി എത്തുന്ന ഈ വാഹനത്തിന്റെ പ്രാരംഭ വില കേട്ട് ഞെട്ടിയിരിക്കുകയാണ് വാഹനലോകം. വെറും 5.65 ലക്ഷം രൂപ!

സാധാരണ ഗതിയില്‍ ഒരു 7 സീറ്റര്‍ കാര്‍ സ്വന്തമാക്കണമെങ്കില്‍ കയ്യില്‍ പത്ത് ലക്ഷമെങ്കിലും കരുതണം. എന്നാല്‍ ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് നിസാന്‍ അവതരിപ്പിച്ച ഈ വണ്ടി ബഡ്ജറ്റ് വിലയില്‍ പ്രീമിയം ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

നിസാന്‍ ഗ്രാവൈറ്റിന്റെ പ്രാരംഭ മോഡലായ 'വിസിയ' (Visia) 5.65 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ലഭ്യമാകുമ്പോള്‍ ഉയര്‍ന്ന വേരിയന്റായ 'ടെക്‌ന ലോഞ്ച് എഡിഷന്' 8.93 ലക്ഷം രൂപയാണ് വില.

നാല് മീറ്ററില്‍ താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ (Taxation benefits) പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് നിസാന്‍ 'ഗ്രാവൈറ്റ്‌' (Gravite) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതാണ് വിപണിയില്‍ മികച്ച വില ഉറപ്പാക്കാന്‍ കമ്പനിയെ സഹായിക്കുന്നത്.

റെനോ ട്രൈബറിന് സമാനമായ സി.എം.എഫ്-എ (CMF-A) പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റെയും നിര്‍മ്മിച്ചിരിക്കുന്നത്. എങ്കിലും, നിസാന്റെ തനതായ ആഗോള ശൈലിയിലുള്ള ബോള്‍ഡ് ഗ്രില്ല്, പുതിയ ഹെഡ്ലാമ്പുകള്‍, പുതുക്കിപ്പണിത ബമ്പറുകള്‍ എന്നിവ ഗ്രാവൈറ്റിന്‌ തികച്ചും വ്യത്യസ്തമായ ലുക്ക് നല്‍കുന്നു.

ഇതിലെ പ്രധാന ആകര്‍ഷണങ്ങള്‍ ഇവയാണ്:

നിസാന്റെ സിഗ്‌നേച്ചര്‍ 'വി-മോഷന്‍' ഗ്രില്ലും ബോണറ്റിലെ വശ്യമായ 'GRAVITE' ലെറ്ററിംഗും വണ്ടിക്ക് ഒരു മസ്‌കുലര്‍ എസ്യുവി ഫീല്‍ നല്‍കുന്നു.

വണ്ടിക്കുള്ളിലെ 7 സീറ്റുകളും ആവശ്യാനുസരണം മാറ്റാം. മൂന്നാം നിര സീറ്റുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്താല്‍ വമ്പന്‍ ബൂട്ട് സ്‌പേസ് (625 ലിറ്റര്‍) ലഭിക്കും.

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ജെബിഎല്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങി പ്രീമിയം കാറുകളിലെ എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ നിസാന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിക്കൊണ്ട് നിസാന്‍ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു.

എന്‍ജിന്‍ കരുത്ത്

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്രാവിറ്റെയ്ക്ക് കരുത്തേകുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ ഡ്രൈവിംഗ് ആയാസരഹിതമാക്കാന്‍ എഎംടി (AMT) ഓപ്ഷനും ലഭ്യമാണ്. മാനുവല്‍ വേരിയന്റിന് 19.3 കിലോമീറ്ററും എഎംടിക്ക് 19.6 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ചെന്നൈയിലെ റെനോ-നിസാന്‍ അലയന്‍സ് പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഗ്രാവിറ്റെ (Gravite), പ്രായോഗികതയും ഫ്‌ലെക്‌സിബിലിറ്റിയും മൂല്യവും ആഗ്രഹിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിലയിലൊരു ട്വിസ്റ്റ്‌

നിസാന്‍ പ്രഖ്യാപിച്ച 5.65 ലക്ഷം രൂപ എന്നത് ആദ്യത്തെ 1,001 ബുക്കിംഗുകള്‍ക്ക് മാത്രമുള്ള പ്രത്യേക വിലയാണ് (Introductory Price). വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ പ്രേമികള്‍ ഇപ്പോള്‍ തന്നെ ഷോറൂമുകളിലേക്ക് ഒഴുകുകയാണ്.

ആദ്യത്തെ 5,000 ഉപഭോക്താക്കള്‍ക്കായി 5 വര്‍ഷത്തേക്ക് സൗജന്യ സര്‍വീസ് (Zero Service Cost) നിസാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സെഗ്മെന്റിലെ തന്നെ മികച്ച വാറണ്ടി പാക്കേജുകളും (10 വര്‍ഷം/ 2 ലക്ഷം കി.മീ വരെ നീട്ടാവുന്ന എക്സ്റ്റന്‍ഡഡ് വാറണ്ടി) ഗ്രാവൈറ്റിന്റെ ആകര്‍ഷണമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Stock Market Pre-opening Analysis
Stock Market Morning Analysis
കേരളത്തില്‍ 15 കിലോമീറ്ററിനുള്ളില്‍ ശരാശരി ഓരോ സര്‍വീസ് സെന്ററുകള്‍; ഓണക്കാലത്ത് ₹2.25 ലക്ഷം വരെ ആനുകൂല്യം! ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്
Lulu IT Twin tower
```html ```
logo
DhanamOnline
dhanamonline.com