

വാഹന മേഖല അഞ്ചുവര്‍ഷത്തിനുള്ളില്‍ വലിയ മാറ്റത്തിന് വിധേയമാകുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. സുരക്ഷാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെയാണിത്.
റോഡുകളില്‍ ഡ്രൈവര്‍മാരുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്ന അഡ്‌വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (അഡാസ്) ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ വിറ്റ വാഹനങ്ങളില്‍ 42 ശതമാനത്തില്‍ മാത്രമേ ഈ സാങ്കേതിക വിദ്യയുണ്ടായിരുന്നുള്ളൂ. 2030 എത്തുമ്പോള്‍ പുതിയ വാഹനങ്ങളില്‍ 90 ശതമാനവും അഡാസ് ഫീച്ചറോടെയാകും നിരത്തിലെത്തുക.
ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഓട്ടണോമസ് വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020കളില്‍ കേവലം ഒരു ശതമാനം വാഹനങ്ങള്‍ക്ക് മാത്രമേ ഇത്തരം ഫീച്ചറുകളുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2030ലെത്തുമ്പോള്‍ പുതുതായി നിരത്തിലെത്തുന്ന 30 ശതമാനം വാഹനങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഓട്ടണോമസ് സാങ്കേതിക വിദ്യയുണ്ടാകും. ഈ ട്രെന്‍ഡ് വ്യാപകമാകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെന്‍സറുകള്‍, ശേഷി കൂടിയ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്യും. ഇതോടെ വാഹനരംഗവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ മേഖല (Automotive Software) 80 ബില്യന്‍ ഡോളര്‍ മൂല്യമുള്ള വിപണിയായി വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ എങ്ങനെയാണ് വാഹന നിര്‍മാണ രംഗത്ത് മാറ്റങ്ങളുണ്ടാക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിക്ക് വേണ്ടി മാത്രമുള്ള ഇലക്ട്രിക് മോട്ടോറുകള്‍, ലിഥിയം അയണ്‍ ബാറ്ററികള്‍, ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ എന്നിവയുടെ ഡിമാന്‍ഡും വര്‍ധിക്കും. ഇ.വി നിര്‍മാണത്തിന് ചെലവാകുന്ന തുകയുടെ പകുതിയും ഇത്തരം ഉത്പന്നങ്ങള്‍ക്ക് വേണ്ടി മുടക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തെ നേരിടാന്‍ കമ്പനികള്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine