

ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് (Nitin Gadkari) ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ഭാരത് എന്‍സിഎപി (Bharat NCAP) എന്ന പേരിലുള്ള കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി മന്ത്രി അറിയിച്ചു. ഇന്ത്യയിലെ റോഡ് സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് എന്‍സിഎപി നടപ്പാക്കുന്നത്.
'ഭാരത് എന്‍സിഎപി (പുതിയ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്, അതില്‍ ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാര്‍ റേറ്റിംഗ് നല്‍കും' നിതിന്‍ ഗഡ്കരി ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാഹന വ്യവസായത്തെ പ്രചോദിപ്പിക്കുന്നതില്‍ ഭാരത് എന്‍സിഎപി നിര്‍ണായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഈ പ്രോഗ്രാമിന് കീഴില്‍, നിലവിലുള്ള ഇന്ത്യന്‍ നിയന്ത്രണങ്ങളും ഡ്രൈവിംഗ് സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. 2016 ലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി ഈ പദ്ധതി പ്രഖ്യാപിച്ചത്.
സ്റ്റാര്‍ റേറ്റിംഗ് സംവിധാനം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായായിരിക്കും ഭാരത് എന്‍സിഎപി പ്രവര്‍ത്തിക്കുക. 'ക്രാഷ് ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കാറുകളുടെ സ്റ്റാര്‍ റേറ്റിംഗ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി-യോഗ്യത വര്‍ദ്ധിപ്പിക്കുന്നതിനും വളരെ നിര്‍ണായകമാണ്,' നിതിന്‍ ഗഡ്കരി പറഞ്ഞു.
ഭാരത് എന്‍സിഎപിയിലൂടെ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളെയും ടെറ്റിന് വിധേയമാക്കി റേറ്റിംഗ് നല്‍കും.
Read DhanamOnline in English
Subscribe to Dhanam Magazine