

ഇന്ത്യയിൽ ഇ20 (20% എഥനോൾ ചേർത്ത പെട്രോൾ) ഇന്ധനം അവതരിപ്പിച്ചതിന് ശേഷം, പഴയതും ഇ20 ക്ക് അനുയോജ്യമല്ലാത്തതുമായ വാഹനങ്ങളുടെ ഭാവി സംബന്ധിച്ച് ഉടമകൾക്കിടയിൽ വലിയ ആശങ്കകളാണ് ഉളളത്. ഈ വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ രേഖാമൂലമുള്ള മറുപടി നൽകി. ഇ20 ക്ക് അനുയോജ്യമല്ലാത്ത വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കേണ്ട ആവശ്യമില്ലെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
ഇത്തരത്തിലുള്ള വാഹനങ്ങളുടെ സാധാരണ തേയ്‌മാനം (normal wear and tear) സർവീസിങ് സമയത്ത് കൈകാര്യം ചെയ്യാൻ സാധിക്കും. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) എന്നിവർ നടത്തിയ പഠനങ്ങളെ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ പ്രകടനക്ഷമതയിൽ കാര്യമായ പ്രശ്നങ്ങളോ അല്ലെങ്കിൽ ഘടകങ്ങൾക്ക് കേടുപാടുകളോ വരുത്തുന്നില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതായും ഗഡ്കരി പറഞ്ഞു. കൂടാതെ, ഇ20 ഇന്ധനം ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകുന്ന പ്രത്യേക ഫണ്ടിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നില്ല.
എഥനോൾ കലർന്ന ഇന്ധനം പെട്രോളിനെ അപേക്ഷിച്ച് കുറഞ്ഞ ഹരിതഗൃഹ വാതകങ്ങളാണ് പുറത്തുവിടുന്നത്. ഇത് പരിസ്ഥിതി സൗഹൃദമാണ്. കൂടാതെ, ഉയർന്ന ഒക്ടേൻ റേറ്റിംഗ് കാരണം എഞ്ചിൻ പ്രകടനത്തെ മെച്ചപ്പെടുത്താനും ഇ20-ക്ക് സാധിക്കുന്നുണ്ട്.
2023 ഏപ്രിൽ 1-ന് മുൻപ് വിറ്റ വാഹനങ്ങൾ ഇ10 (10% എത്തനോൾ) ഇന്ധനത്തിന് അനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, അതിനുശേഷം വിറ്റഴിച്ച വാഹനങ്ങൾ ഇ20 മെറ്റീരിയലുകൾക്ക് അനുയോജ്യമായവയാണ്. പഴയ വാഹനങ്ങൾ ഇ20 ഉപയോഗിക്കുന്നതിന് വിലക്കില്ലെങ്കിലും, ഉയർന്ന എഥനോൾ അളവിനായി അവ രൂപകൽപ്പന ചെയ്തിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നു.
Nitin Gadkari clarifies that older vehicles need not be phased out due to E20 fuel adoption in India.
Read DhanamOnline in English
Subscribe to Dhanam Magazine