ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട; വാടകയ്ക്ക് വൈദ്യുത ബൈക്കുകളുമായി കൊച്ചിയില്‍ യുലു എത്തി
കൊച്ചിയില്‍ വൈദ്യുത ബൈക്കുകള്‍ ഇറക്കി ഇന്ത്യയിലെ പ്രമുഖ വൈദ്യുത ഇരുചക്ര വാഹന (ഇ.വി) കമ്പനിയായ യുലു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍. ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റിയുമായി സഹകരിച്ചാണ് ഇവ കൊച്ചിയിലെ നിരത്തുകളിലെത്തിയിരിക്കുന്നത്.
ഉപയോഗിക്കാം ഇവിടങ്ങളില്‍
യുലുവിന്റെ ഇ.വികള്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം സോണ്‍ (കലൂര്‍), മേനക സോണ്‍, ബ്രോഡ്‌വേ സോണ്‍, (മറൈന്‍ ഡ്രൈവ്) എന്നിടങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. ഈ സോണുകള്‍ക്കിടയില്‍ മറൈന്‍ ഡ്രൈവ്, ബ്രോഡ്‌വേ, ഷണ്‍മുഖം റോഡ്, എം.ജി റോഡ്, കലൂര്‍ സ്റ്റേഡിയം, ഇടപ്പള്ളി, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ദ്വീപ്, ബോള്‍ഗാട്ടി ദ്വീപ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയുടെ സേവനം രാവിലെ 7 മുതൽ രാത്രി 12 വരെ ലഭ്യമാകും.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
യുലുവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ടായതും ഭാരം കുറഞ്ഞതുമായ വൈദ്യുത ബൈക്കാണിത്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല എന്നത് ഈ വാഹനങ്ങളുടെ മറ്റൊരു സവിശേഷതയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ അടിസ്ഥാനത്തില്‍ ഇവ വാടകയ്‌ക്കെടുക്കാം.
കാര്‍ബണ്‍ എമിഷന്‍ ഇല്ലാത്ത കൊച്ചി
കൊച്ചി നഗരത്തില്‍ ഹരിത മൊബിലിറ്റി വിപ്ലവം ആരംഭിക്കാനായി സീക്കോ മൊബിലിറ്റി സ്ഥാപകനായ ആര്‍. ശ്യാം ശങ്കറുമായി കൈകോര്‍ത്തതില്‍ സന്തോഷമുണ്ടെന്ന് യുലു സഹസ്ഥാപകനും സി.ഇ.ഒയുമായ അമിത് ഗുപ്ത പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള ഏതൊരു സന്ദര്‍ശകനും കാര്‍ബണ്‍ എമിഷന്‍ ഇല്ലാത്ത കൊച്ചി ആസ്വദിക്കാന്‍ സാധിക്കണം എന്നതാണ് സീക്കോ മൊബിലിറ്റിയുടെ കാഴ്ചപ്പാടെന്ന് ആര്‍. ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു.
ഈ മാസമാദ്യം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കമ്പനി ഇത്തരം സേവനം ആരംഭിച്ചിരുന്നു. കൊച്ചിക്കും ഇന്‍ഡോറിനും പുറമെ ഇന്ത്യയുടെ പല പ്രധാന മെട്രോകളിലും യുലു സാന്നിധ്യമറിയിച്ചിട്ടുണ്ട്.