ഇനി കാറു വാങ്ങേണ്ട, ലീസിനെടുക്കാം!
പാസഞ്ചർ കാർ വിപണിയിലെ തളർച്ച നേരിടാൻ പുതിയ മാർക്കറ്റിംഗ് തന്ത്രവുമായി പ്രമുഖ കാർ നിർമാതാക്കൾ. ഡൗൺപേയ്മെന്റ് എന്ന തലവേദനയില്ലാതെ നിങ്ങളുടെ ഇഷ്ട വാഹനം ഉപയോഗിക്കാനുള്ള സൗകര്യമാണ് കമ്പനികൾ ഇതിലൂടെ ഒരുക്കുന്നത്.
ഹ്യൂണ്ടായ്, സ്കോഡ, മഹിന്ദ്ര, ഫിയറ്റ് തുടങ്ങിയ കമ്പനികളെല്ലാം ഇപ്പോൾ വാഹനങ്ങൾ ലീസിന് നൽകുന്നുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി തങ്ങളുടെ മുഴുവൻ പോർട്ട് ഫോളിയോകളും തുറന്നിട്ടിരിക്കുകയാണ് ഹ്യൂണ്ടായ്.
ഉദാഹരണത്തിന് ഹ്യുണ്ടായിയുടെ എസ്‌യുവിയായ ക്രീറ്റ, ജിഎസ്ടി ഉൾപ്പെടെ 17,642 രൂപ പ്രതിമാസ വാടകയ്ക്ക് കമ്പനി നൽകുന്നുണ്ട്. അഞ്ചു വർഷത്തേക്കാണ് ലീസിന് നൽകുക. ഇതിൽ മെയിൻന്റനൻസ് ചെലവുകളും ഉൾപ്പെടും. വേണമെങ്കിൽ കുറച്ച് ഉയർന്ന വേരിയന്റിലേക്ക് അപ്ഗ്രേഡും ചെയ്യാം.
മറിച്ച് ഈ കാർ വാങ്ങുന്ന ഒരാൾക്ക് 2.73 ലക്ഷം രൂപ ഡൗൺപേയ്‌മെന്റ് കൂടാതെ അഞ്ചു വർഷത്തേയ്ക്ക് 18,901 രൂപ ഇഎംഐ അടക്കേണ്ടതായി വരും. ലീസിനെടുത്താൽ ഡൗൺപേയ്മെന്റ് ഇല്ലെന്നു മാത്രമല്ല മെയിൻന്റനൻസ് ചെലവും പോക്കറ്റിൽ നിന്നെടുക്കേണ്ടി വരില്ല. ലീസ് കാലാവധി തീരുന്നതോടെ കാർ കമ്പനിയ്ക്ക് തിരികെ നൽകണം.
തങ്ങളുടെ ആഡംബര സെഡാൻ ലീസിന് എടുക്കുകയാണെങ്കിൽ ഒരാൾക്ക് 17 ലക്ഷം രൂപ വരെ ലാഭിക്കാനാവുമെന്നാണ് സ്കോഡ ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്രയുടെ KUV100NXT ന്റെ മാസ വാടക 13,499 രൂപയാണ്. മാസം 32,999 രൂപ നൽകിയാൽ XUV500 ലഭിക്കും.
ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പായ ആതർ എനർജി തങ്ങളുടെ ഇ-സ്‌കൂട്ടർ ഇനി ലീസിന് നൽകും. ആതര്‍ 450 ന് 2500 രൂപയാണ് പ്രതിമാസ വാടക. 40,000 മുതൽ 75,000 രൂപ വരെയാണ് ആതർ 450 ന്റെ ഡെപ്പോസിറ്റ് തുക. 13 മാസം മുതൽ മൂന്ന് വർഷം വരെ ലീസിനെടുക്കാം. ലീസ് കാലാവധി കഴിഞ്ഞാൽ ഡെപ്പോസിറ്റ് തുക മുഴുവനായും തിരിച്ചുകിട്ടും.