നാല് മാസത്തിനിടെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചത് 2.5 മടങ്ങോളം

ഡല്‍ഹിയടക്കമുള്ള ഒമ്പത് നഗരങ്ങളിലാണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്
നാല് മാസത്തിനിടെ ഇവി ചാര്‍ജിംഗ്  സ്റ്റേഷനുകളുടെ എണ്ണം  വര്‍ധിപ്പിച്ചത് 2.5 മടങ്ങോളം
Published on

രാജ്യത്തെ പ്രമുഖ ഒമ്പത് നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങോളം വര്‍ധിപ്പിച്ചതായി ഊര്‍ജ മന്ത്രാലയം. ഡല്‍ഹി അടക്കമുള്ള ഒമ്പത് നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണമാണ് നാല് മാസത്തിനിടെ 2.5 മടങ്ങോളമാക്കി ഉയര്‍ത്തിയത്. സൂറത്ത്, പുനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയില്‍ 678 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ആകെ 1,640 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 എണ്ണവും ഈ നഗരങ്ങളിലാണ്. നാല് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങളിലാണ് ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്.

അതേസമയം, ഇന്ത്യയിലുടനീളം 22,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഓയ്ല്‍ കമ്പനികള്‍. ഇന്ത്യന്‍ ഓയ്ല്‍ 10,000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളും ഭാരത് പെട്രോളിയം 7,000 വും ഹിന്ദുസ്ഥാന്‍ പെട്രോളിയം 5,000 വും സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി കുതിച്ചുയര്‍ന്നേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com