

ഒക്ടോബറിലെ വില്‍പ്പനയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല ഇലക്ട്രിക്.ഒരു കാലത്ത് ഇന്ത്യന്‍ ഇ.വി മേഖലയില്‍ വിപ്ലവമുണ്ടാക്കിയ കമ്പനിയായിരുന്നു ഭവീഷ് അഗര്‍വാളിന്റെ ഒല ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്. ഒക്ടോബറിലെ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനമാണ് ഇടിഞ്ഞത്. ഓഹരി വില നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്. ഗോവയില്‍ വില്‍പ്പന നിരോധനം. ജീവനക്കാരുമായുള്ള പ്രശ്‌നങ്ങള്‍ വേറെ. കുറ്റം പറയാത്ത ആരുമില്ല. ശരിക്കും ഒലക്ക് എന്താണ് സംഭവിച്ചത്.
2010ലാണ് ഒലയുടെ കഥ തുടങ്ങുന്നത്. 2021ല്‍ ഇ.വി സ്‌കൂട്ടറുകള്‍ രംഗത്തിറക്കിയതോടെ വലിയ തരംഗമായിരുന്നു. വമ്പന്‍ നിക്ഷേപകര്‍ തേടിയെത്തി. ഇന്ത്യന്‍ ഇരുചക്ര രംഗത്തില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു. 2024 ഓഗസ്റ്റില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ ഒരു വേള 138 രൂപ വരെ ഉയര്‍ന്നിരുന്നു. വില്‍പ്പനയിലും ഒന്നാം സ്ഥാനം നിലനിറുത്താന്‍ മാസങ്ങളോളം കമ്പനിക്ക് കഴിഞ്ഞിരുന്നു. നാല് ലക്ഷം ഒല സ്‌കൂട്ടറുകളാണ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം ഇന്ത്യന്‍ നിരത്തിലെത്തിയത്. ചില മാസങ്ങളില്‍ 53,000 യൂണിറ്റുകള്‍ വരെ വിറ്റു.
കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. ആഫ്റ്റര്‍ സെയില്‍സായിരുന്നു പ്രധാന വിഷയം. എന്തെങ്കിലും തകരാറുണ്ടായാല്‍ ആഴ്ചകളോളം വെയിറ്റ് ചെയ്താലും പരിഹരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആളുകളുടെ പരാതി. വില്‍പ്പനക്ക് അനുസരിച്ചുള്ള സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കാത്തതും മതിയായ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവും കാര്യങ്ങള്‍ വഷളാക്കി. ഒല ഷോറൂമുകളുടെ മുന്നില്‍ ഉപയോക്താക്കളുടെ വലിയ പ്രതിഷേധം അരങ്ങേറി. കൊമേഡിയന്‍ കുനാല്‍ കംമ്രയും ഒല സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലുണ്ടായ തര്‍ക്കവും കാര്യങ്ങള്‍ വഷളാക്കി. ഇതോടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. മെച്ചപ്പെട്ട മോഡലുകളുമായി ടി.വി.എസ്, ബജാജ്, ഏതര്‍ എന്നീ കമ്പനികള്‍ കളം നിറഞ്ഞതും ഒലയുടെ നില പരുങ്ങലിലാക്കി.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി വിറ്റത് വെറും 16,000 യൂണിറ്റുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 61 ശതമാനം കുറവ്. 40 ശതമാനത്തിന് മുകളിലുണ്ടായിരുന്ന വിപണി വിഹിതം 11 ശതമാനത്തിലേക്കും താഴ്ന്നു. ഇക്കൊല്ലം സെപ്റ്റംബറില്‍ 13,000 യൂണിറ്റുകള്‍ വിറ്റതില്‍ നിന്നും മെച്ചമാണ് ഒക്ടോബറിലെ കണക്കുകള്‍ എന്നതില്‍ മാത്രം ഒലക്ക് ആശ്വസിക്കാം.
വില്‍പ്പനാനന്തര സേവനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ഇനി പുതിയ വണ്ടികള്‍ വിറ്റാല്‍ മതിയെന്ന് കാട്ടി ഗോവയില്‍ ഒലയുടെ ട്രേഡ് ലൈസന്‍സ് താത്കാലികമായി റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വില്‍പ്പനാനന്തര സേവനങ്ങളെക്കുറിച്ചും വാഹന രജിസ്‌ട്രേഷനെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒല അധികൃതരുമായി ഗോവ ഗതാഗത വകുപ്പ് നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് നീക്കം.
ശമ്പളം നല്‍കുന്നില്ലെന്നും മാനസിക പീഡനമാണെന്നും ആരോപിച്ച് ഒലയിലെ ഒരു എഞ്ചിനീയര്‍ ജീവനൊടുക്കിയതും അടുത്തിടെയാണ്. ഇക്കാര്യത്തില്‍ പൊലീസ് കമ്പനിയിലെ ഉന്നതരെ പ്രതിയാക്കി കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ മരിച്ചയാളുടെ അക്കൗണ്ടിലേക്ക് 17.46 ലക്ഷം രൂപയുടെ ഇടപാട് നടന്നതും ദുരൂഹമാണെന്ന് ആരോപണമുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നടന്നതിനേക്കാള്‍ ക്രൂരമായ തൊഴില്‍ പീഡനങ്ങളാണ് ഒലയില്‍ നടക്കുന്നതെന്നും കോടതിയില്‍ വാദമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചിട്ടുള്ളത് ഒലക്ക് ആശ്വാസമാണ്.
തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും ഒല പഴയ പ്രതാപ കാലത്തേക്ക് തിരിച്ചുവരാനുള്ള സാധ്യത വലുതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒലയെന്ന ബ്രാന്‍ഡും അടിസ്ഥാന സൗകര്യങ്ങളും കമ്പനിക്ക് മുതല്‍കൂട്ടാണ്. ആളുകളുടെ വിശ്വാസം തിരിച്ചുപിടിക്കുക, വില്‍പ്പനാനന്തര സേവനം മെച്ചപ്പെടുത്തുക, വിപണിയിലെ നിയന്ത്രണങ്ങള്‍ പാലിക്കുക എന്നിവയാണ് വെല്ലുവിളി. ബിസിനസിലെ അടിസ്ഥാന കാര്യങ്ങള്‍ മെച്ചപ്പെടുത്തി കൃത്യമായ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ തിരിച്ചുവരവ് സാധ്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ ബാറ്ററി വിപണന രംഗത്തും അടുത്തിടെ ഒല പ്രവേശിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine