24 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിംഗിലേറെ നേടി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍; വില സംബന്ധിച്ച വിവരങ്ങളും പുറത്ത്

പ്രീ ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ റെക്കോര്‍ഡ് ബുക്കിംഗ് നേടി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍. ഇതോടെ വാഹന വിപണിയില്‍ ആദ്യ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. വിലയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ബുക്കിംഗ് ആണ് ആദ്യ 24 മണിക്കൂറില്‍ ഒല നേടിയത്.

ഒല ഇലക്ട്രിക് മാര്‍ക്കറ്റിംഗ് ഹെഡ് ആയ വരുണ്‍ ദുബെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടറിന് 85000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കും വില എന്ന വിവരം പുറത്ത് വിട്ടത്. ഒല ആകെ രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയുടെ 50 ശതമാനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അതിഗംഭീരമായ പ്രതികരണത്തില്‍ താന്‍ ആവേശഭരിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

ഉപഭോക്തൃ മുന്‍ഗണനകള്‍ വൈദ്യുത വഹനങ്ങളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണിത്. ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തില്‍ പങ്കു ചേര്‍ന്ന എല്ലാ ഉപഭോക്താക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഒല സ്‌കൂട്ടറിന് 75 കിലോമീറ്റര്‍മൈലേജാണ് ഉണ്ടാകുക. ഒല ഹൈപ്പര്‍ ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏതെങ്കിലും 5 എ സോക്കറ്റ് ഉപയോഗിച്ച് സ്‌കൂട്ടര്‍ വീട്ടില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്നതാണ്.

പ്രീ ബുക്കിംഗ് വിവരങ്ങള്‍ :-

  • olaeletcric.com വഴി 499 രൂപ അടച്ച് ആണ് വാഹനം പ്രീ ബുക്ക് ചെയ്യാവുന്നത്.
  • ഒടിപി വഴി അവരുടെ ഫോണ്‍ നമ്പര്‍ ഉറപ്പാക്കി 499 രൂപ ബുക്കിംഗ് തുക അടയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്.
  • താല്‍പ്പര്യമുണ്ടെങ്കില്‍ ഒന്നിലധികം സ്‌കൂട്ടറുകള്‍ റിസര്‍വ്വ് ചെയ്യാനും കഴിയും.
  • സ്‌കൂട്ടര്‍ റിസര്‍വേഷന്‍ സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്കും ഓല വെബ്സൈറ്റില്‍ ഉത്തരം നല്‍കിയിട്ടുണ്ട്.
  • റിസര്‍വേഷന്‍ റദ്ദാക്കുമ്പോള്‍ തുക പൂര്‍ണ്ണമായും മടക്കിനല്‍കുന്നു.
  • റദ്ദാക്കിയ ശേഷം, 7-10 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഈ റീഫണ്ട് അക്കൗണ്ടിലെത്തും.
  • നിങ്ങളുടെ റിസര്‍വേഷന്‍ വിജയിച്ചുകഴിഞ്ഞാല്‍, കമ്പനി നിങ്ങള്‍ക്ക് ഓര്‍ഡര്‍ ഐഡിയും മറ്റ് വിശദാംശങ്ങളും എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി അയയ്ക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it