ഇ-സ്‌കൂട്ടറുകളുടെ തീപിടിത്തം ഭാവിയിലുണ്ടാകുമോ? ഒല മേധാവി പറയുന്നതിങ്ങനെ

സമീപകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ ജനപ്രീതി നേടിയവയാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഇവയില്‍ തന്നെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ അത്ഭുതകരമായ വര്‍ധനവാണുണ്ടായത്. എന്നാല്‍ അടുത്തിടെ വിവിധ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചത് പലരെയും ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവകരമായി കടന്നുവന്ന ഒല ഇലക്ട്രിക്കിന്റെ (OLA Electric) ഇ- സ്‌കൂട്ടറിനും തീപിടിച്ചിരുന്നു.

മാര്‍ച്ചില്‍ ഒല ഇലക്ട്രിക്കിന്റെ ഒരു സ്‌കൂട്ടറിന് തീപിടിച്ചതിന് പിന്നാലെ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള കമ്പനി 1,400-ലധികം ഇ-സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുകയും കാരണം അന്വേഷിക്കാന്‍ വിദഗ്ധരെ നിയമിക്കുകയും ചെയ്തിരുന്നു.
ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നത് അപൂര്‍വമാണെങ്കിലും ഭാവിയില്‍ തുടരുമെന്നാണ് ഒല ഇലക്ട്രിക്കിന്റെ മേധാവിയും പറയുന്നത്. ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഇ- സ്‌കൂട്ടറുകളുടെ അപകടസാധ്യത തള്ളിക്കളയാതെ ഒല ചീഫ് എക്‌സിക്യൂട്ടീവ് ഭവിഷ് അഗര്‍വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ''ഭാവിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ തീപിടിത്തങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്'' അദ്ദേഹം പറഞ്ഞു.
ഒലയുടെ ബാറ്ററി സെല്ലുകളിലും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിലുമുള്ള തകരാറാണ് ഒലയുടെ തീപിടിത്തത്തിന് കാരണമായി സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തമായത്. ''ചിലപ്പോള്‍, ചില ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ചിലപ്പോള്‍ സെല്ലില്‍, മറ്റെന്തെങ്കിലും, അത് ആന്തരിക ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും, ഓലയുടെ 50,000 ഇ-സ്‌കൂട്ടറുകളില്‍ ഒരു സംഭവം മാത്രമേയുള്ളൂ'' അഗര്‍വാള്‍ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ എല്‍ജി എനര്‍ജി സൊല്യൂഷനില്‍ നിന്നാണ് ഒല അതിന്റെ സെല്ലുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളായ ഒകിനാവ, പ്യുവര്‍ ഇവി എന്നിവയുടെ ഇ-സ്‌കൂട്ടറുകള്‍ക്കും തീപിടിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it