

ഇലക്ട്രിക് വാഹന നിര്‍മാതാവായ ഒല ഇലക്ട്രിക്കിന് വീണ്ടും കുരുക്ക്. തങ്ങളുടെ ബാറ്ററി സാങ്കേതിക വിദ്യ ഒല ഇലക്ട്രിക് കൈവശപ്പെടുത്തിയെന്ന ആരോപണവുമായി സൗത്ത് കൊറിയന്‍ കമ്പനിയായ എല്‍.ജി എനര്‍ജി സൊല്യൂഷന്‍ രംഗത്തെത്തി. പൗച്ച് ടൈപ്പ് ടേര്‍ണറി ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ സാങ്കേതിക വിദ്യ ഒല ചോര്‍ത്തിയെന്നാണ് ആരോപണം.
ഇലക്ട്രിക് വാഹനങ്ങളിലും പോര്‍ട്ടബിള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ പൗച്ച് സെല്ലുകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് എല്‍.ജിയില്‍ നിന്ന് ചോര്‍ന്നത്. കമ്പനി ബൗദ്ധിക സ്വത്തവകാശം (intellectual property rights) നേടിയ സാങ്കേതിക വിദ്യയാണിത്. മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്ന ഒരു ഗവേഷകനാണ് ചോര്‍ച്ചക്ക് പിന്നില്‍. ഇയാള്‍ ഈ സാങ്കേതിക വിദ്യയും നിര്‍മാണ പ്രക്രിയയും ഒലക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ഇക്കാര്യം ഇയാള്‍ സമ്മതിച്ചെങ്കിലും ഇത്രയും നിര്‍ണായക സാങ്കേതിക വിദ്യയാണെന്ന് അറിയില്ലെന്നാണ് മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ എല്‍.ജിയുടെ പരാതിയില്‍ കൊറിയന്‍ പൊലീസിന്റെ അന്വേഷണം നടക്കുകയാണ്.
മികച്ച ബാറ്ററി സാങ്കേതിക വിദ്യ എളുപ്പത്തില്‍ വികസിപ്പിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. എല്ലാ കമ്പനികളും വര്‍ഷങ്ങളോളം സമയമെടുത്താണ് ബാറ്ററി വികസിപ്പിക്കുന്നത്. ഇതിനായി കുറുക്കുവഴികള്‍ തേടാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. 2022ലാണ് ഇന്ത്യന്‍ നിര്‍മിത ലിഥിയം അയണ്‍ സെല്‍ ബാറ്ററികള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം ഒല നടത്തുന്നത്. 2024ല്‍ തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ 4680 ഭാരത് സെല്ലുകളുടെ നിര്‍മാണം തുടങ്ങി. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കാര്യക്ഷമത ഇവക്കുണ്ടെന്നാണ് കമ്പനി പറയുന്നത്. 4680 ബാറ്ററിയുള്ള ഒല സ്‌കൂട്ടറുകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വിപണിയിലെത്തിയത്.
അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഓട്ടോ വിഭാഗം പ്രവര്‍ത്തന ലാഭത്തില്‍ (Operating Profit) എത്തിയെന്നും ഒല അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വില്‍പ്പന എന്നിവ കൈകാര്യം ചെയ്യുന്ന ഓട്ടോ ബിസിനസ് വിഭാഗം ആദ്യമായാണ് പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തുന്നത്. രണ്ടാം പാദത്തില്‍ ഓട്ടോ ബിസിനസ് 0.3% എബിഡ്റ്റ (EBIDTA) മാര്‍ജിന്‍ രേഖപ്പെടുത്തി. മുന്‍ പാദത്തില്‍ ഇത് 5.3% നഷ്ടമായിരുന്നു. മൊത്ത ലാഭ മാര്‍ജിന്‍ 510 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 30.7 ശതമാനമായി.ഇന്റേണല്‍ കംബസ്ഷന്‍ എന്‍ജിന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ ചെലവ് കുറച്ചും ലാഭമാര്‍ജിന്‍ വര്‍ധിപ്പിച്ചുമാണ് ഓട്ടോ വിഭാഗം ലാഭത്തിലായതെന്നും കമ്പനി പറയുന്നു.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ആകെ നഷ്ടം 418 കോടി രൂപയായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. തൊട്ടുമുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 495 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിലെ പ്രവര്‍ത്തന വരുമാനം തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 43 ശതമാനം കുറഞ്ഞ് 690 കോടി രൂപയിലെത്തി. നേരത്തെ ഇത് 1,214 കോടിയായിരുന്നു. ഈ കാലയളവില്‍ 52,666 യൂണിറ്റുകള്‍ വില്‍ക്കാനും കമ്പനിക്ക് കഴിഞ്ഞു. അതിനിടെ ഒല ഓഹരികള്‍ ഇന്നും ഇടിവിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine