തമിഴ്‌നാട്ടില്‍ വൈദ്യുത വാഹനങ്ങളുടെ വമ്പന്‍ ഹബ്ബ് നിര്‍മ്മിക്കാന്‍ ഒല

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന ഹബ്ബ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യയിലെ ഒല ഇലക്ട്രിക് (Ola Electric) മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 7610 കോടി രൂപ (92 കോടി ഡോളര്‍) മുതല്‍ മുടക്കിലാണ് ഇത് നിര്‍മ്മിക്കുന്നത്.

തമിഴ്നാട്ടില്‍ 2000 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന ഹബ്ബില്‍ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, ബാറ്ററി സെല്ലുകള്‍ എന്നിവയുടെ നിര്‍മ്മാണം നടത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം ഹബ്ബില്‍ നിന്നും സെല്ലുകളുടെ ഉല്‍പ്പാദനം ആരംഭിക്കും.

ബാറ്ററി സെല്‍ വികസിപ്പിക്കും

വൈദ്യുത വാഹന വിതരണ ശൃംഖലയിലെ നിര്‍ണായക ഘടകങ്ങളിലൊന്നായ ബാറ്ററികള്‍ പോലുള്ളവ പ്രാദേശികവല്‍ക്കരിക്കുന്നത് ഇത്തരം വാഹനങ്ങളെ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. നൂതന ബാറ്ററി സെല്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഇന്‍സെന്റീവും കമ്പനിക്ക് ലഭിക്കും. 50 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ബംഗളൂരുവിലെ ബാറ്ററി ഇന്നൊവേഷന്‍ സെന്ററില്‍ വികസിപ്പിച്ചെടുത്ത ആദ്യ ലിഥിയം അയണ്‍ സെല്‍ കഴിഞ്ഞ വര്‍ഷം ഒല പുറത്തിറക്കിയിരുന്നു.

പ്രശ്‌ന പരിഹാരം

കഴിഞ്ഞ കുറച്ച് കാലമായി കമ്പനി വിവിധ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. നിര്‍മിച്ച വാഹനങ്ങളിലൊന്നിന് തീപിടിച്ചതിനെ തുടര്‍ന്ന് കമ്പനി 1441 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചിരുന്നു. കൂടാതെ ആഗോള ചിപ്പ് ക്ഷാമം മൂലം വിതരണം തടസ്സപ്പെട്ടിരുന്നു. മാത്രമല്ല ഇറക്കുമതി ചെയ്ത ഭാഗങ്ങളെ ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നതിനാല്‍ ഒല സ്‌കൂട്ടര്‍ വിതരണം വൈകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിതരണ ശൃംഖല നിര്‍മ്മിക്കുന്നത് കമ്പനിയ്ക്ക് ഏറെ ഗുണം ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it