ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ മുന്നേറ്റവുമായി ഒല ഇലക്ട്രിക്, ബാറ്ററി സെല്‍ നിര്‍മ്മാണ പ്ലാന്റ് ഒരുക്കിയേക്കും

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഉണര്‍വേകുന്ന പദ്ധതിയുമായി ഒല ഇലക്ട്രിക്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഒല ഇലക്ട്രിക്, 50 GWh വരെ ശേഷിയുള്ള ബാറ്ററി സെല്‍ നിര്‍മാണ പ്ലാന്റ് ഇന്ത്യയില്‍ സജ്ജമാക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ദക്ഷിണ കൊറിയന്‍ ബാറ്ററി വിതരണക്കാരെ ആശ്രയിച്ചാണ് ഒല ഇലക്ട്രിക് ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

ഒല ഇലക്ട്രിക്കിന് 10 ദശലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനമെന്ന ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ 40 GWh ബാറ്ററി ശേഷി ആവശ്യമാണ്. ഇതിനുവേണ്ടി 2023 ഓടെ 1 GWh ബാറ്ററി ശേഷി സജ്ജീകരിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. പിന്നീട് മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 GWh വരെ ശേഷിയുള്ള ബാറ്ററി സെല്‍ നിര്‍മാണ പ്ലാന്റാക്കി മാറ്റാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെഎംകെ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ നിലവില്‍ ഓട്ടോമോട്ടീവ് ബാറ്ററി സെല്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി ലിഥിയം-അയണ്‍ ബാറ്ററികള്‍ വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഡെന്‍സോ, ടാറ്റ കെമിക്കല്‍സ്, എക്‌സൈഡ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ സെല്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിക്കുകയോ അതിനുള്ള തയ്യാറെടുപ്പിലോ ആണ്.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പുത്തന്‍ പ്രതീക്ഷകളുമായി കടന്നുവന്ന ഒല ഇലക്ട്രിക് വാര്‍ഷിക ഉല്‍പ്പാദന ശേഷി ലക്ഷ്യമായ 10 ദശലക്ഷം യൂണിറ്റില്‍ ഇപ്പോഴും വളരെ അകലെയാണ്. 2021 സെപ്റ്റംബറില്‍ Ola S1 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം 4,449 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഒല ഇലക്ട്രിക് വിറ്റത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it