

രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വിപണി റെക്കോര്‍ഡ് വളര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും, മുന്‍നിരക്കാരായിരുന്ന ഓല ഇലക്ട്രിക്കിന് കനത്ത തിരിച്ചടി. ഉത്സവകാലത്തിന്റെ ചുവടുപിടിച്ച് ഒക്ടോബറില്‍ രാജ്യത്താകെ 48 ശതമാനം വളര്‍ച്ചയോടെ 2,23,847 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. എതിരാളികളെല്ലാം നേട്ടം കൊയ്തപ്പോള്‍ ഓലയുടെ വില്‍പന 26 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വിപണി വിഹിതം വെറും അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നു.
അതേസമയം, ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ തുടങ്ങിയ പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വിപണിയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. ഏഥര്‍ എനര്‍ജി, ഹീറോ വിഡ, റിവര്‍ മൊബിലിറ്റി തുടങ്ങിയ മറ്റ് ബ്രാന്‍ഡുകളും അതിവേഗം വളര്‍ച്ച നേടുന്നുണ്ട്. ഒരു കാലത്ത് ഇവി വിപണി അടക്കിഭരിച്ചിരുന്ന ഓലയുടെ തിരിച്ചുവരവ് ഇനി ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തല്‍.
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒരുകാലത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓല ഇലക്ട്രിക് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒക്ടോബറില്‍ കമ്പനിയുടെ വില്‍പന 12,096 വാഹനങ്ങള്‍ മാത്രമാണ്. 2025 ഒക്ടോബറില്‍ 16,439 വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണിത്. ഒരു വര്‍ഷത്തിനിടെ വില്‍പന 26 ശതമാനം കുറഞ്ഞു.
വില്‍പനയിലെ ഇടിവിനൊപ്പം വിപണി വിഹിതത്തിലും വലിയ തിരിച്ചടിയുണ്ടായി. കഴിഞ്ഞ ഒക്ടോബറില്‍ ഏകദേശം 11 ശതമാനമായിരുന്ന ഓലയുടെ വിപണി വിഹിതം ഇത്തവണ 5.4 ശതമാനത്തിലേക്ക് താഴ്ന്നു. പത്ത് പ്രമുഖ നിര്‍മാതാക്കളില്‍ വാര്‍ഷിക വില്‍പന ഇടിവ് നേരിട്ട ഏക കമ്പനിയും ഓലയാണ്.
2026 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസങ്ങളില്‍ കമ്പനിയുടെ വില്‍പന ഏകദേശം 1.20 ലക്ഷം വാഹനങ്ങളായി ചുരുങ്ങി. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 36 ശതമാനം കുറവ്. ഇന്ത്യന്‍ ഇവി വിപണി വളരുമ്പോഴും ഓലയ്ക്ക് നഷ്ടപ്പെടുന്ന ഉപഭോക്താക്കളെയും വിപണി വിഹിതത്തെയും തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയായി മാറുകയാണ്.
ഓലയുടെ കൈയിലിരുപ്പ് കൊണ്ടാണ് വിപണിയിലെ സ്വാധീനം നഷ്ടപ്പെടുന്നതെന്നാണ് പൊതുവിലയിരുത്തല്‍. ഒരുകാലത്ത് സര്‍വീസിന് യാതൊരു പരിഗണനയും നല്‍കാതെ വില്‍പനയില്‍ മാത്രം കമ്പനി ശ്രദ്ധിച്ചു. വില്‍പനാന്തര സേവനം അവതാളത്തിലായതോടെ ഓലയ്‌ക്കെതിരേ വലിയ രോഷം സോഷ്യല്‍മീഡീയയില്‍ അടക്കം ഉയര്‍ന്നുവന്നു.
ഓല പിന്നോട്ടുപോകുമ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നത് ടിവിഎസ് മോട്ടോറാണ്. ഒക്ടോബറില്‍ 60,429 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 31,076 വാഹനങ്ങളില്‍ നിന്ന് 94 ശതമാനം വളര്‍ച്ച. ഇതോടെ വിപണിയുടെ 27 ശതമാനത്തോളം വിഹിതം ടിവിഎസ് സ്വന്തമാക്കി.
വലിയ വാഹന നിര്‍മാതാക്കള്‍ മാത്രമല്ല, പുതിയ തലമുറ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനികളും വിപണിയില്‍ അതിവേഗം വളരുകയാണ്. ബെംഗളൂരു ആസ്ഥാനമായ റിവര്‍ മൊബിലിറ്റിയാണ് ഇതില്‍ ശ്രദ്ധേയം. ഒക്ടോബറില്‍ 6,796 വാഹനങ്ങള്‍ വിറ്റ കമ്പനി 273 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ മാസത്തെ വില്‍പന 1,823 വാഹനങ്ങളായിരുന്നു.
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആംപിയര്‍ ബ്രാന്‍ഡും മുന്നേറ്റത്തിലാണ്. വില്‍പന 40 ശതമാനം ഉയര്‍ന്ന് 10,838 വാഹനങ്ങളായി. വിപണിയിലെ ചെറിയൊരു വിഹിതം മാത്രമാണ് ഇത്തരം കമ്പനികള്‍ക്കുള്ളതെങ്കിലും അവയുടെ വളര്‍ച്ച പുതിയ മത്സരസാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ സമവാക്യങ്ങള്‍ മാറുകയാണെന്നാണ് ഒക്ടോബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടക്കകാലത്ത് ഓല പോലുള്ള പുതിയ ഇലക്ട്രിക് വാഹന കമ്പനികള്‍ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഇപ്പോള്‍ പരമ്പരാഗത വാഹന നിര്‍മാതാക്കളും പുതിയ ബ്രാന്‍ഡുകളും ഒരുപോലെ ശക്തമായ മത്സരമാണ് ഉയര്‍ത്തുന്നത്.
വാഹനങ്ങളുടെ വിലയും സാങ്കേതികവിദ്യയും മാത്രമല്ല, സര്‍വീസ് സൗകര്യങ്ങള്‍, വില്‍പനാനന്തര സേവനം, പുതിയ മോഡലുകള്‍, ഉപഭോക്തൃവിശ്വാസം എന്നിവയും വിപണി മത്സരത്തില്‍ നിര്‍ണായകമാകുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine