വീണ്ടും ഞെട്ടിച്ച് ഒല, ലോകത്തിന് പുതുമാതൃക

ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചവരാണ് ഒല ഇലക്ട്രിക്. എന്നാല്‍ ഇപ്പോള്‍ മറ്റ് വാഹന നിര്‍മാതാക്കള്‍ക്ക് മാതൃകയായി ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറി സജ്ജമാക്കിയിരിക്കുകയാണ് ഈ കമ്പനി. തമിഴ്‌നാട്ടിലെ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റിലാണ് 10,000 വനിതകളെ നിയമിച്ച് ചരിത്രം സൃഷ്ടിക്കാന്‍ ഒല ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂട്ടര്‍ പ്ലാന്റും ഇതായിരിക്കും. ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊത്തത്തില്‍ പൂര്‍ണമായും സ്ത്രീകള്‍ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

ട്വിറ്ററിലൂടെയാണ് അഗര്‍വാള്‍ മുഴുവനായും വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. 'ആത്മനിര്‍ഭര്‍ ഭാരതത്തിന് ആത്മനിര്‍ഭര്‍ സ്ത്രീകള്‍ ആവശ്യമാണ്! ഓല ഫ്യൂച്ചര്‍ഫാക്ടറി പൂര്‍ണമായും 10,000 ലധികം വനിതകളാല്‍ നടത്തപ്പെടുമെന്നതില്‍ അഭിമാനിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയാണിത്! അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

500 ഏക്കര്‍ സ്ഥലത്താണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഫാക്ടറി വ്യാപിച്ചുകിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 2,400 കോടി രൂപയുടെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് ഒരുക്കിയത്. പ്ലാന്റിനുള്ള സ്ഥലമെടുപ്പ് ഈ വര്‍ഷം ജനുവരിയില്‍ പൂര്‍ത്തിയാക്കുകയും ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ എസ് 1, എസ് 2 വേരിയന്റുകളായിരിക്കും ഈ പ്ലാന്റില്‍നിന്ന് നിര്‍മിക്കുക. പൂര്‍ണശേഷിയില്‍ രണ്ട് ദശലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്റ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയിലും യുഎസ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലും ആവശ്യമായി വരുന്ന വാഹനങ്ങള്‍ ഇവിടെ നിന്ന് നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it