Begin typing your search above and press return to search.
ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തയാറെടുത്ത് ഓല; വാഹനം അടുത്ത വര്‍ഷം പുറത്തിറങ്ങും
ഓല ഇലക്‌ട്രിക് കമ്പനിയുടെ ആദ്യ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ 2025 ആദ്യ പകുതിയോടെ വിപണിയില്‍ എത്തിക്കുമെന്ന് സി.ഇ.ഒ ഭവിഷ് അഗർവാൾ. ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സംബന്ധിച്ച കൂടുതൽ വിശദമായ വിവരങ്ങൾ ഓഗസ്റ്റ് 15 ന് കമ്പനി നടത്തുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുന്നതാണ്.
ഓല ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ച ബാറ്ററികളായിരിക്കും പുതിയ മോട്ടോർസൈക്കിളുകളിൽ ഉണ്ടാകുക. ഇന്ത്യൻ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ കാണുന്ന ഏറ്റവും മികച്ച ബാറ്ററികള്‍ ആയിരിക്കും ഇവയില്‍ ഉണ്ടാകുകയെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി മാറ്റും
ഇലക്ട്രിക് വാഹന വാഹന വിപണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭവിഷ് അഗർവാൾ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളൊന്നും ഞങ്ങൾ കാണുന്നില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അഗർവാൾ പറഞ്ഞു.
റോഡ്‌സ്റ്റർ, അഡ്വഞ്ചർ, ക്രൂയിസർ, ഡയമണ്ട്ഹെഡ് തുടങ്ങിയ വകഭേദങ്ങൾ ഉൾപ്പെടുന്ന മോട്ടോർസൈക്കിളുകളുടെ കൺസെപ്റ്റ് പതിപ്പുകൾ ഓല ഇലക്ട്രിക് നേരത്തേ പുറത്തുവിട്ടിരുന്നു. ഈ മോഡലുകൾ ഒരൊറ്റ പ്ലാറ്റ്ഫോമിലായിരിക്കും നിർമ്മിക്കുക. സ്പോർട്സ് ബൈക്ക് വിഭാഗത്തെ പുനർനിർവചിക്കുന്നതായിരിക്കും ഡയമണ്ട്ഹെഡ് ഇലക്ട്രിക് മോഡല്‍ എന്നാണ് വിലയിരുത്തലുളളത്.
ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വലിയ സ്വീകാര്യത
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചതിനു ശേഷമാണ് ഇ.വി ബൈക്കുകള്‍ ഓല കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് ഓല. എസ്1 പ്രോ, എസ്1 എയര്‍, എസ്1 എക്‌സ് എന്നീ സ്കൂട്ടര്‍ മോഡലുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്. ഈ സ്‌കൂട്ടറുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച സ്വീകാര്യതയാണ് ഇലക്ട്രിക് ബൈക്കുകള്‍ വികസിപ്പിക്കുന്നതിലേക്ക് കമ്പനിയുടെ ശ്രമങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നത്.
അതേസമയം, ഇലക്ട്രിക് കാര്‍ വികസിപ്പിക്കാനുളള പദ്ധതികളെക്കുറിച്ച് കമ്പനി ഇപ്പോള്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ല. ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം. സമീപ ഭാവിയില്‍ തന്നെ ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഓല ഇലക്ട്രിക്കിന് പദ്ധതികള്‍ ഉണ്ടെങ്കിലും, നിലവിലെ മുന്‍ഗണന അതിനല്ലെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഇലക്ട്രിക് ടൂവീലർ രംഗത്ത് 49 ശതമാനം വിപണി വിഹിതം ഓലയ്ക്കുണ്ട്.
ഐ.പി.ഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും
ഓല ഇലക്ട്രിക് ഐ.പി.ഒ ഓഗസ്റ്റ് 2 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഓഗസ്റ്റ് 6 ന് സമാപിക്കും. ഓഹരിക്ക് 72-76 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്.
2017 ൽ സ്ഥാപിതമായ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ഇലക്ട്രിക് സ്കൂട്ടറുകളും ബാറ്ററി പായ്ക്കുകൾ, മോട്ടോറുകൾ, വെഹിക്കിൾ ഫ്രെയിമുകൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചില പ്രധാന ഘടകങ്ങളും നിര്‍മിക്കുന്നു.
Next Story
Videos