ഒല ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സിംഗ് പിന്തുണയും, വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി ധാരണയായി

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പിച്ച് കമ്പനി. ഇതിന് മുന്നോടിയായി വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി കൈകോര്‍ത്തതായി കമ്പനി അറിയിച്ചു. ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കൊട്ടക് മഹീന്ദ്ര പ്രൈം, ഓല ഇലക്ട്രിക്, ടാറ്റ ക്യാപിറ്റല്‍, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെ പ്രമുഖ ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായുമാണ് ധാരണയായത്. സെപ്റ്റംബര്‍ എട്ട് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ മാസമാണ് ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. യഥാക്രമം 99999 രൂപ, 1,29,999 രൂപ (എക്‌സ് ഷേ്‌റൂം) എന്നീ വിലയില്‍ അവതരിപ്പിച്ച സ്‌കൂട്ടറുകള്‍ ഒക്ടോബറില്‍ വിതരണം ചെയ്ത് തുടങ്ങും. 'എല്ലാ പ്രധാന ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ഞങ്ങള്‍ കൈകോര്‍ത്തിട്ടുണ്ട്. അവയില്‍ പല സ്ഥാപനങ്ങളുടെയും സേവനം സെപ്റ്റംബര്‍ എട്ട് മുതല്‍ ലഭ്യമാകും' ഓല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദുബെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വഴി വാങ്ങുന്നതിനാല്‍ മുഴുവന്‍ പ്രക്രിയയും തടസമില്ലാത്തതായിരിക്കുമെന്നും ഫിനാന്‍സിംഗ് തെരഞ്ഞെടുക്കുന്നതിന് എല്ലാവര്‍ക്കും ഈ ഓപ്ഷന്‍ പ്രയോജനപ്പെടുത്താനാകുമെന്നും ദുബെ പറഞ്ഞു. 2,999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സ്‌കീമുകളും ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഒക്ടോബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്നും ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ സ്‌കൂട്ടറുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8.5 KW മോട്ടോറും 3.97 kWh ബാറ്ററി പായ്ക്കുകളും ഉള്ള ഇന്‍-ഹൗസ് ഡെവലപ്മെന്റിനൊപ്പം 10 നിറങ്ങളിലാണ് സ്‌കൂട്ടറെത്തുന്നത്. തമിഴ്നാട്ടില്‍ 500 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്ലാന്റില്‍നിന്നാണ് വാഹനം നിര്‍മിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it