

ഇന്ത്യന്‍ വിപണിയില്‍ 'എസ് 1 എയര്‍' (Ola S1 Air) എന്ന പുത്തന്‍ സ്‌കൂട്ടര്‍ 1.10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് (എക്‌സ്-ഷോറൂം) ഓല ഇലക്ട്രിക് (Ola Electric) അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ എസ് 1 എയറിനേക്കാള്‍ വിലകുറഞ്ഞ മറ്റൊരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 'എസ് 1 എക്‌സ്' (Ola S1X) എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) പുറത്തിറക്കും. ഇതിന്റെ പ്രാരംഭ വില ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ഭീഷണി
ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷം രൂപ വരെയാണ് 125 സി.സി പെട്രോള്‍ സ്‌കൂട്ടറുകള്‍ വില വരുന്നത്. ഇവരുമായിട്ടാകും ഓല എസ് 1 എക്‌സ് മത്സരിക്കുക. കമ്പനിയുടെ മറ്റ് എസ് 1 സ്‌കൂട്ടറുകളെ പോലെ എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലാമ്പും പ്രൊജക്ടര്‍ സജ്ജീകരണവും ഉള്ള അതേ ഹെഡ്ലാമ്പ് ഈ ഇലക്ട്രിക് സ്‌കൂട്ടറിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്‍ ടെയില്‍ ലാമ്പ് ഡിസൈനും അതേപടി നിലനിര്‍ത്തിയേക്കും.
ഇതിന്റെ റേഞ്ചിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും എസ്1 എയറിന് 125 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് ഉള്ളതിനാല്‍ എസ് 1 എക്‌സിന് 100 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. കമ്പനി ഇതുവരെ ഈ ഉല്‍പ്പന്നത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഓല ഇലക്ട്രിക്. 2023 ജൂണില്‍ 17,579 യൂണിറ്റുകളുടെ വില്‍പ്പന കമ്പനി രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine