

സുസുക്കി ഇന്ത്യക്കാര്‍ക്ക് പരിചിതമായ വാഹനകമ്പനിയുടെ പേരാണ്. എന്നാല്‍ ഇന്നലെ നിര്യാതനായ ഒസാമു സുസുക്കിയെ കുറിച്ച് ഏറെ പേര്‍ കേട്ടിരിക്കില്ല. ഇന്ത്യക്കാരുടെ വാഹന സങ്കല്‍പ്പങ്ങളെ സ്വാധീനിച്ച മാരുതി-സുസുക്കി സഖ്യത്തിന്റെ ഹോണററി ചെയര്‍മാനായിരുന്നു ഒസാമു സുസുക്കി. മാരുതി കാറുകളെ ഇന്ത്യയില്‍ ജനകീയ മാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യവസായി. ക്രിസ്മസ് ദിനത്തില്‍ 94 -ാം വയസിലാണ് അദ്ദേഹം ജപ്പാനില്‍ നിര്യാതനായത്.
1981 ല്‍ ഇന്ത്യയിലെ മാരുതി ഉദ്യോഗ് ലിമിറ്റഡുമായി സഖ്യമുണ്ടാക്കാന്‍ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത് ഒരു പരീക്ഷണത്തിന്റെ തുടക്കമായിരുന്നു. ഈ ഉദ്യമത്തെ നയിക്കാന്‍ സുസുക്കി കമ്പനി നിയോഗിച്ചത് ഒസാമു സുസുക്കിയെയായിരുന്നു. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേര് പതിയെ ഇന്ത്യക്കാരുടെ മനസില്‍ നിന്ന് മാഞ്ഞു തുടങ്ങി. മാരുതി സുസുക്കി ജനകീയമായി. സാധാരണക്കാരന്റെ വാഹനമായ മാരുതി 800 നെ വിപണിയില്‍ തരംഗമാക്കി ആ പരീക്ഷണത്തില്‍ ഒസാമു സുസുക്കി വിജയിച്ചു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഡയരക്ടര്‍, ഹോണററി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
1930 ല്‍ ജനിച്ച അദ്ദേഹം 1958 ലാണ് സുസുക്കിയില്‍ ജോലിയില്‍ പ്രവേശിച്ചത്. 1963 ല്‍ കമ്പനിയുടെ ഡയറക്ടര്‍, 67 ല്‍ മാനേജിംഗ് ഡയറക്ടര്‍, 2000 ല്‍ ചെയര്‍മാന്‍ എന്നീ പദവികളിലെത്തി. 2021 വരെ ആ പദവിയില്‍ തുടര്‍ന്നു. മകന്‍ തോഷിഹിറോ സുസുക്കി ചെയര്‍മാന്‍ പദം ഏറ്റെടുത്തതിന് ശേഷം ഒസാമു കമ്പനിയുടെ ഉപദേഷ്ടാവിന്റെ റോളിയായിരുന്നു. അവസാനമായി അദ്ദേഹം ഡല്‍ഹിയില്‍ വന്നത് ഈ വര്‍ഷം ജൂലൈയിലാണ്.
2007 ഇന്ത്യാ സര്‍ക്കാര്‍ ഒസാമു സുസുക്കിയെ പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചത് അദ്ദേഹം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു. ഇന്ത്യക്കാരുടെ ജീവിത നിലവാരത്തെ മാറ്റി മറിക്കുന്നതില്‍ ഒസാമു സുസുക്കിയുടെ പങ്ക് ഏറെ വലുതായിരുന്നെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അനുസ്മരിച്ചു. മാരുതിയുമായി സഹകരിക്കാനുള്ള അന്നത്തെ തീരുമാനം വലിയ റിസ്‌കായിരുന്നു. എന്നാല്‍ ഇന്ത്യയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒസാമു ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. സാധാരണക്കാരായ ഇന്ത്യക്കാരുടെ ജീവിത നിലവാരത്തെ മാറ്റി മറിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. വാഹന വിപണിയില്‍ മാത്രമല്ല. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഒസാമു സുസുക്കി പ്രധാന പങ്കു വഹിച്ചു. ആര്‍.സി ഭാര്‍ഗവ പറഞ്ഞു. സാധാരണക്കാരുടെ വരുമാനത്തില്‍ ഒതുങ്ങാവുന്നതും വിശ്വസിക്കാവുന്നതും കാര്യക്ഷമതയുള്ളതും ഗുണനിലവാരമുള്ളതുമായ വാഹനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നതായും മാരുതി ചെയര്‍മാന്‍ അനുസ്മരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine