Begin typing your search above and press return to search.
സെപ്റ്റംബറിലും വാങ്ങാനാളില്ല! 19 ശതമാനം കുറവ്; ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നത് ₹79,000 കോടിയുടെ 8 ലക്ഷത്തോളം കാറുകള്‍
സെപ്റ്റംബറിലെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 19 ശതമാനം കുറവ്. കനത്ത മഴയും ഉത്തരേന്ത്യയിലെ പിതൃപക്ഷ ആചരണവും വില്‍പ്പന കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ഉത്തരേന്ത്യയില്‍ പൂര്‍വികര്‍ക്കായി പിതൃതര്‍പ്പണവും പ്രാര്‍ത്ഥനകളും നടത്തുന്ന 16 ദിവസം ആളുകള്‍ പുതിയ സാധനങ്ങള്‍ വാങ്ങാറില്ല. എന്നാല്‍ ഒക്ടോബറിലെ ആദ്യ ആഴ്ചകളില്‍ ഷോറൂമുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് വാഹന വിപണിയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. നവരാത്രി, ദീപാവലി ആഘോഷമടുക്കുമ്പോള്‍ വാഹന വില്‍പ്പന വര്‍ധിക്കുമെന്നാണ് കരുതുന്നത്.
ഇന്‍വെന്ററി വര്‍ധിച്ചു
അതേസമയം, ഷോറൂമുകളില്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നത് 79,000 കോടി രൂപയുടെ 7,90,000 വാഹനങ്ങളാണെന്ന കണക്കും പുറത്തുവന്നു. ഒരു വാഹനം ഡീലറുടെ കൈകളിലെത്താന്‍ 80-85 ദിവസം വരെ എടുക്കുമെന്നാണ് നിലവിലെ സ്ഥിതി. ഇത് വാഹന വിപണിയില്‍ ആദ്യമാണെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍(ഫാഡ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മാസം 73,000 കോടി രൂപയുടെ ഏഴ് ലക്ഷം കാറുകള്‍ ഷോറൂമുകളിലുണ്ടായിരുന്നു.
വില്‍പ്പനയിടിഞ്ഞു
കഴിഞ്ഞ മാസം എല്ലാ സെഗ്‌മെന്റിലുമുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 9.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ത്രീവീലര്‍, ട്രാക്ടര്‍ എന്നിവയുടെ വില്‍പ്പനയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും വര്‍ധനയുള്ളത്. ത്രീവീലര്‍ വില്‍പ്പന 0.66 ശതമാനവും ട്രാക്ടറുകള്‍ 15 ശതമാനവും വര്‍ധിച്ചു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 9 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10.45 ശതമാനവും കുറവുണ്ടായി. മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോര്‍സ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പന കുറവായിരുന്നു. എന്നാല്‍ മഹീന്ദ്ര, ടൊയോട്ട, കിയ എന്നീ കമ്പനികള്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി.
ഗ്രാമീണ വിപണി തുണയാകും
ഓണം, ഗണേശ ചതുര്‍ത്ഥി തുടങ്ങിയ ആഘോഷ അവസരങ്ങളില്‍ പ്രതീക്ഷിച്ച കച്ചവടം നേടാനായില്ലെന്ന് ഫാഡ ചെയര്‍മാന്‍ സി.എസ് വിഗ്‌നേശ്വര്‍ പറയുന്നു. ഉത്സവകാലത്തെ വിപണിയിലെ ട്രെന്‍ഡ് പോസിറ്റീവായിരിക്കില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലുള്ള വളര്‍ച്ചാ നിരക്ക് തുടരാനോ അല്ലെങ്കില്‍ വില്‍പ്പന താഴേക്ക് വരാനോ ആണ് സാധ്യത. അതിനിടെ എത്തിയ പിതൃപക്ഷ ആചരണവും വില്‍പ്പനയെ കാര്യമായി ബാധിച്ചു. വില്‍പ്പന കൂട്ടാനായി ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന ഉത്സവകാലത്ത് വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മികച്ച വിള പ്രതീക്ഷിക്കുന്നതിനാല്‍ ഗ്രാമീണ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയുണ്ട്. ടൂവീലര്‍, യാത്രാ വാഹനങ്ങള്‍, ട്രാക്ടര്‍ എന്നിവയുടെ വില്‍പ്പന വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ യാത്രാവാഹനങ്ങള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നത് തിരിച്ചടിയാണ്. ഒക്ടോബറില്‍ വില്‍പ്പന വര്‍ധിച്ചില്ലെങ്കില്‍ വെയര്‍ ഹൗസുകളില്‍ കൂടുതല്‍ കാറുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കും. ഇത് ഡീലര്‍മാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos