ചിപ്പ് ക്ഷാമത്തിന് നേരിയ ആശ്വാസം, പാസഞ്ചര്‍ വാഹന വില്‍പ്പന കുത്തനെ ഉയര്‍ന്നു

ചിപ്പ് വിതരണത്തിലെ ക്ഷാമത്തിന് നേരിയ തോതില്‍ പരിഹാരമായതോടെ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയും കുത്തനെ ഉയര്‍ന്നു. മാരുതി സുസുകി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ജുലൈ മാസത്തിലെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഒറ്റ മുതല്‍ ഉയര്‍ന്ന ഇരട്ട അക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം), ഹോണ്ട കാര്‍സ് ഇന്ത്യ, സ്‌കോഡ ഓട്ടോ ഇന്ത്യ എന്നിവയും ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ (Passenger Vehicles Sales) മുന്നേറി.

മാരുതി സുസുകിയുടെ (Maruti Suzuki) ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 6.82 ശതമാനം ഉയര്‍ന്ന് 1,42,850 യൂണിറ്റിലെത്തി. ബലെനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളാണ് കമ്പനിയുടെ വില്‍പ്പനയെ പ്രധാനമായും നയിച്ചത്. ഇവയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ 70,268 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ 84,818 യൂണിറ്റായാണ് ഉയര്‍ന്നത്. മിനി കാറുകളായ ആള്‍ട്ടോ, എസ്-പ്രസ്സോ എന്നിവയുടെ വില്‍പ്പന 19,685 യൂണിറ്റുകളില്‍ നിന്ന് 20,333 യൂണിറ്റായി വളര്‍ന്നു. പക്ഷേ, ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ്, എക്‌സ്എല്‍6 എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 32,272 യൂണിറ്റില്‍ നിന്ന് 23,272 യൂണിറ്റായി കുറഞ്ഞു.
ഹ്യുണ്ടായ് മോട്ടോര്‍ (Hyundai Motors) ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 5.1 ശതമാനമാണ് ഉയര്‍ന്നത്, അതായത് ജുലൈയില്‍ വിറ്റഴിച്ചത് 50,500 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍. അതേസമയം, കഴിഞ്ഞമാസം ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 57 ശതമാനം വര്‍ധിച്ച് 47,505 യൂണിറ്റായി ടാറ്റ മോട്ടോഴ്സും വ്യക്തമാക്കി. കമ്പനിയുടെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വില്‍പ്പന 2021 ജൂലൈയിലെ 604 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 4,022 യൂണിറ്റായി ഉയര്‍ന്നതാുംി കമ്പനി അറിയിച്ചു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 28,053 യൂണിറ്റുകള്‍. കിയ ഇന്ത്യയും ജൂലൈയില്‍ മൊത്തവ്യാപാരത്തില്‍ 47 ശതമാനം വര്‍ധന രേഖപ്പെടുത്തി 22,022 യൂണിറ്റായി.


Related Articles
Next Story
Videos
Share it