Begin typing your search above and press return to search.
അക്ഷയ തൃതീയയ്ക്ക് പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നോ? ഈ ബാങ്കുകള്‍ തരും കുറഞ്ഞ പലിശയില്‍ വായ്പ
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ മാസമായ വൈശാഖമാസത്തിന്റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവും രത്നവുമൊക്കെ വാങ്ങുന്നത് വിശിഷ്ടമായാണ് കരുതുന്നത്. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ദിനം കൂടിയാണിത്. അതുകൊണ്ട് തന്നെ പലരും കാറുകള്‍ സ്വന്തമാക്കാനും ഈ ദിവസത്തെ പ്രയോജനപ്പെടുത്താറുണ്ട്.
ഈ വര്‍ഷം മേയ് 10നാണ് അക്ഷയ തൃതീയ ആചരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രമുഖ ബാങ്കുകളുടെ വാഹന വായ്പാ നിരക്കുകള്‍ താരതമ്യം ചെയ്തിരിക്കുകയാണ് ഇവിടെ. ബാങ്ക് ബസാര്‍ ഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 8.70 ശതമാനം മുതല്‍ 9.10 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് കാര്‍ വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്ക് ലഭ്യമാക്കുന്നത്.
പൊതുമേഖലാ ബാങ്ക് നിരക്കുകള്‍
പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 10 ലക്ഷം രൂപ വരെയുള്ള പുതിയ കാര്‍ വായ്പകള്‍ക്ക് 8.70 ശതമാനമാണ് പലിശ ഈടാക്കുന്നത്. നാല് വര്‍ഷമാണ് കാലാവധി. മാസ തിരിച്ചടവ് തുക (ഇ.എം.ഐ) 24,565 രൂപ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാല് വര്‍ഷ കാലാവധിയുള്ള, 10 ലക്ഷം വരെയുള്ള കാര്‍ വായ്പയ്ക്ക് ഈടാക്കുന്നത് 8.75 ശതമാനം പലിശയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയും 8.75 ശതമാനം നിരക്കിലാണ് നാല് വര്‍ഷക്കാലാവധിയുള്ള വായ്പകള്‍ അനുവദിക്കുന്നത്. 24,587 രൂപയാണ് പ്രതിമാസ തിരിച്ചടവ് വരുന്നത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ വായ്പ പലിശ നിരക്ക് 8.85 ശതമാനമാണ്. പ്രതിമാസ ഇ.എം.ഐ 24,632 രൂപ.
ബാങ്ക് ഓഫ് ബറോഡ 10 ലക്ഷം രൂപ വരെയുള്ള പുതിയ കാര്‍ വായ്പകള്‍ക്ക് 8.90 ശതമാനം പലിശ ഈടാക്കുന്നുണ്ട്. ഇ.എം.ഐ തുക 24,655 രൂപ.
സ്വകാര്യ ബാങ്കുകള്‍
സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് 10 ലക്ഷം രൂപ വരെയുള്ള, നാല് വര്‍ഷ കാലാവധിയുള്ള പുതിയ കാര്‍ വായ്പകള്‍ക്ക് 9.10 ശതമാനം പലിശ ഈടാക്കുന്നുണ്ട്. 24,745 രൂപയാണ് ഇ.എം.ഐ. മറ്റൊരു സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഇതേ വായ്പയ്ക്ക് 9.30 ശതമാനം പലിശ ഈടാക്കുന്നുണ്ട്. ഇ.എം.ഐ തുക 24,835 രൂപ.
അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 10 ലക്ഷം രൂപവരയുള്ള കാര്‍ വായ്പകളുടെ പലിശ നിരക്ക് 9.40 ശതമാനമാണ്. ഇ.എ.ഐ കണക്കാക്കുന്നത് 24,881 രൂപ.
കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും യഥാക്രമം 8.85 ശതമാനം, 8.75 ശതമാനം എന്നിങ്ങനെയാണ് കാര്‍ വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്.
(വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിച്ച പലിശ നിരക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വായ്പകള്‍ എടുക്കുന്നവര്‍ പ്രസ്തുത ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രം തീരുമാനത്തിലെത്തുക.)
Next Story
Videos