5 ലക്ഷത്തിന് പോര്‍ഷ, 39 ലക്ഷത്തിന് ലംബോര്‍ഗിനി; ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍
തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍. വന്‍കിട സ്ഥാപനങ്ങളിലെ പ്രമോട്ടര്‍മാരുടെ ഭാര്യമാരുള്‍പ്പെടെ വിവിധ വ്യക്തികളില്‍ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്തിയ കുറ്റത്തിന് ഡല്‍ഹി ജയിലില്‍ കഴിയുകയാണ് കേരളത്തില്‍ വേരുകളുള്ള സുകേഷ് ചന്ദ്രശേഖര്‍. സുകേഷ് ചന്ദ്രശേഖര്‍ 308.4 കോടി രൂപ സര്‍ക്കാരിലേക്ക് കെട്ടിവയ്‌ക്കേണ്ടതുണ്ട്. ഇത് തിരിച്ചു പിടിക്കാനാണ് ലേലം.
12 ഹൈ-എന്‍ഡ് ആഡംബര വാഹനങ്ങള്‍
റോള്‍സ് റോയ്സ്, ബെന്റ്ലി, റേഞ്ച് റോവര്‍, ലംബോര്‍ഗിനി മോര്‍ഷിലാഗോ, ജാഗ്വാര്‍ എക്സ്.കെ.ആര്‍ കൂപ്പെ, ബി.എം.ഡബ്ല്യു എം5, ടൊയോട്ട പ്രാഡോ, ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഫോര്‍ച്യൂണര്‍, നിസ്സാന്‍ ടീയെന, പോര്‍ഷ കയെന്‍, ഡ്യുക്കാറ്റി ഡയ്‌വെല്‍ ബൈക്ക് എന്നിങ്ങനെ 12 ഹൈ-എന്‍ഡ് ആഡംബര വാഹനങ്ങളാണ് ബെംഗളൂരുവിൽ ഓണ്‍ലൈനായി ലേലം ചെയ്യുന്നത്. ആദായനികുതി വകുപ്പിന് വേണ്ടി എം.എസ്.ടി.സി നവംബര്‍ 28നാണ് ഓണ്‍ലൈനായി ലേലം നടത്തുന്നത്. ഇന്നോവ ക്രിസ്റ്റ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ്.
ലേല തുക ഇങ്ങനെ
സാര്‍ക്കിന്റെ വിജ്ഞാപനമനുസരിച്ച് റോള്‍സ് റോയ്സിന്റെ അടിസ്ഥാന ലേല തുക 1.7 കോടി രൂപയാണ്. ബെന്റ്ലി 83.3 ലക്ഷം, റേഞ്ച് റോവര്‍ 44.4 ലക്ഷം, ലംബോര്‍ഗിനി 38.5 ലക്ഷം, ജാഗ്വാര്‍ എക്സ്.കെ.ആര്‍ കൂപ്പെ 31.07 ലക്ഷം, ബി.എം.ഡബ്ല്യു എം5 18.7 ലക്ഷം, ടൊയോട്ട പ്രാഡോ 22.5 ലക്ഷം, ഇന്നോവ ക്രിസ്റ്റ 11.8 ലക്ഷം, ഡ്യുക്കാറ്റി ഡയ്‌വെല്‍ 3.5 ലക്ഷം, ടൊയോട്ട ഫോര്‍ച്യൂണര്‍ 15.3 ലക്ഷം, നിസ്സാന്‍ ടീന 2.3 ലക്ഷം, പോര്‍ഷ 5.08 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ആഡംബര വാഹനങ്ങളുടെ അടിസ്ഥാന ലേല തുക.