കേരളത്തില്‍ പോര്‍ഷെ വില്‍പ്പന പൊടിപൊടിക്കുന്നു; 2023ല്‍ വില്‍പ്പന ലക്ഷ്യം മറികടന്നു

നമ്മുടെ കൊച്ചു കേരളത്തില്‍ മികച്ച വില്‍പ്പനയുമായി ആഡംബര കാര്‍ ബ്രാന്‍ഡായ പോര്‍ഷെ. 2023ല്‍ നിശ്ചിത വില്‍പ്പന ലക്ഷ്യത്തെ മറികടന്നുകൊണ്ട് 110 പോര്‍ഷെ കാറുകളാണ് കൊച്ചി ഡീലര്‍ഷിപ്പ് വഴി കമ്പനി വിറ്റഴിച്ചത്. 2023ലെ അസാധാരണമായ വില്‍പ്പന പ്രകടനം കേരള വിപണിയില്‍ ബ്രാന്‍ഡിന്റെ ശക്തമായ സാന്നിധ്യം ഉറപ്പാക്കി.

വേറിട്ട രൂപകല്‍പന, അത്യാധുനിക സാങ്കേതിക വിദ്യ, കരുത്തുറ്റ പ്രകടനം എന്നിവകൊണ്ട് ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്നെടുത്ത കയെന്‍, മകാന്‍ മോഡലുകളാണ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമെന്ന് പോര്‍ഷെയുടെ സെയില്‍സ് ഹെഡ് അനൂപ്. കെ. മേനോന്‍ പറഞ്ഞു. 2023ലെ വിജയത്തെ മുന്‍നിര്‍ത്തി, 2024ലെ ലക്ഷ്യം നിലവിലെ റെക്കോഡ് മറികടന്ന് കൊച്ചി ഡീലര്‍ഷിപ്പില്‍ നിന്ന് കുറഞ്ഞത് 145 പോര്‍ഷെ കാറുകള്‍ വില്‍ക്കുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ ഇന്ത്യയിൽ പോർഷെ ശ്രേണിക്ക് ആറ് മോഡലുകളുണ്ട് - മകാൻ, കയെൻ, പനമേറ, ടെയ്‌കാൻ, 718, 911. മകാൻ മോഡലിന് 88 ലക്ഷം മുതൽ 911 എസ്/ടിക്ക് 4.26 കോടി രൂപ വരെയാണ് വില വരുന്നത്.

ആദ്യ 'പ്യുര്‍ ഗ്രീന്‍' പോര്‍ഷെ

കേരളത്തിലെ ആദ്യ 'പ്യുര്‍ ഗ്രീന്‍' പോര്‍ഷെ ടെയ്കന്‍ 4എസ് വൈദ്യുത കാര്‍ യു.എ.ഇ ആസ്ഥാനമായ അല്‍ സാബി ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ആര്‍. വിജയകുമാറാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയാണ് പ്രവാസി ബിസിനസുകാരനായ ടി.ആര്‍. വിജയകുമാര്‍. കേരളത്തില്‍ ഏറ്റവുമധികം കസ്റ്റമൈസേഷന്‍ നടത്തിയ പോര്‍ഷെ ടെയ്കന്‍ ആണിത്.

കൊച്ചി പോര്‍ഷെ സെന്ററില്‍ നടന്ന ചടങ്ങില്‍ അല്‍ സാബി ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ആര്‍. വിജയകുമാര്‍ താക്കോല്‍ ഏറ്റുവാങ്ങുന്നു

പോര്‍ഷെയുടെ പി.ടി.എസ് (പെയിന്റ് ടു സാമ്പിള്‍) പ്രോഗ്രാം അനുസരിച്ച് ഇന്ത്യയില്‍ പ്യുര്‍ ഗ്രീന്‍ എന്ന കളര്‍ ഓപ്ഷന്‍ ലഭ്യമായിരുന്നില്ലെങ്കിലും ഉപയോക്താവിനായി കൊച്ചി പോര്‍ഷെ സെന്റര്‍ ഈ നിറത്തില്‍ ചെയ്തു നല്‍കുകയായിരുന്നു. 79.2 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് പോര്‍ഷെ ടെയ്കന്‍ 4എസ് ഇലക്ട്രിക് കാറിന് കരുത്തേകുന്നത്. രണ്ട് ആക്‌സിലുകളിലും പെർമനൻ്റ് മാഗ്നറ്റ് സിങ്ക്രണസ് മോട്ടോറുമുണ്ട്. പരമാവധി 435 ബി.എച്ച്.പി കരുത്തും 640 എന്‍.എം ടോര്‍ക്കും ഇതിനുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 304 കിലോമീറ്റർ സഞ്ചരിക്കാം.

ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് പോര്‍ഷെ ടെയ്കന്‍ 4എസ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. സുരക്ഷയുടെ കാര്യത്തില്‍ 10 എയര്‍ബാഗുകളാണ് നല്‍കിയിരിക്കുന്നത്. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, പംഗ്ചര്‍ റിപ്പയര്‍ കിറ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ മിഡില്‍ 3 പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.


Related Articles

Next Story

Videos

Share it