അഭിരുചികള്‍ മാറുന്നു, തുടക്കക്കാരും പ്രീമിയം കാറുകളിലേക്ക്

ആദ്യം ഒരു ചെറിയ എന്‍ട്രി ലെവല്‍ കാര്‍. പിന്നീട് സാമ്പത്തികം മെച്ചപ്പെടുമ്പോള്‍ കുറച്ചുകൂടി വലിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നു- ഇതായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ മുമ്പു വരെയുള്ള കാര്‍ വാങ്ങല്‍ രീതി. എന്നാല്‍ ഇപ്പോള്‍ ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് പോലും എന്‍ട്രി ലെവല്‍ കാറുകള്‍ വേണ്ട. പ്രീമിയം ഹാച്ച്ബാക്ക്, സെഡാന്‍, എസ്.യു.വി വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഉപഭോക്താക്കളുടെ അഭിരുചികളില്‍ വന്ന മാറ്റങ്ങള്‍.

മാരുതിയില്‍ ആദ്യമായി കാര്‍ വാങ്ങാന്‍ വരുന്ന 46 ശതമാനം ആളുകളും സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയവയോ അതിന് മുകളിലോ ഉള്ള കാറുകളാണ് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് 28 ശതമാനത്തില്‍ നിന്ന് 46 ശതമാനത്തിലേക്ക് ഉയര്‍ന്നത്. മുന്‍കാലങ്ങളില്‍ ഓള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളാണ് തുടക്കക്കാര്‍ കൂടുതലായി തെരഞ്ഞെടുത്തത്. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കാര്‍ സ്വിഫ്റ്റ് ആണെന്നതും ഈ ട്രെന്‍ഡാണ് സൂചിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുമാണ് എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഡിമാന്റ്.

ഹ്യുണ്ടായിയും വ്യത്യസ്തമല്ല, എക്‌സെന്റിന്റെ വില്‍പ്പന 55 ശതമാനത്തിലേക്ക് എത്തി. പഴയ വകഭേദത്തിന്റെ 40 ശതമാനമായിരുന്നു. പുതിയ വെര്‍ണ്ണ വാങ്ങുന്ന തുടക്കക്കാര്‍ നേരത്തെ 18 ശതമാനമായിരുന്നെങ്കില്‍ അത് 35 ശതമാനമായി ഇരട്ടിയിലെത്തി.

ഇതേ കഥ തന്നെയാണ് ടാറ്റ മോട്ടോഴ്‌സിനും പറയാനുള്ളത്. ഇന്‍ഡിഗോയുടെ മുകളിലായി പൊസിഷന്‍ ചെയ്ത സെസ്റ്റ് വാങ്ങുന്ന 46 ശതമാനം പേര്‍ തുടക്കക്കാരണത്രെ. ഇവരുടെ അഞ്ചിലൊന്ന് ഉപഭോക്താക്കളും 30 വയസിന് താഴെ പ്രായമുള്ളവരാണ്. മുമ്പ് ടാറ്റ മോട്ടോഴ്‌സിന്റെ ഉപഭോക്താക്കളുടെ ശരാശരി

പ്രായം 38-40 വയസായിരുന്നു.

ഈ മാറ്റത്തിന് എന്താണ് കാരണം?

ഫിനാന്‍സ് ലഭിക്കുന്നതിനുള്ള എളുപ്പം: സാധാരണക്കാര്‍ പോലും എന്‍ട്രി ലെവല്‍ കാറുകളെ ഉപേക്ഷിച്ച് വലിയ കാറുകളിലേക്ക് പോകുന്നതിന്റെ പ്രധാന കാരണമായി കേരളത്തിലെ ഡീലര്‍മാര്‍ ചൂണ്ടിക്കാണുന്നത് ബാങ്കുകള്‍ വായ്പാലഭ്യത ഉദാരമാക്കിയതാണ്. വാഹനത്തിന്റെ 90 ശതമാനം പോലും വായ്പയായി ലഭിക്കും. വായ്പ അടച്ചുതീര്‍ക്കുന്നതിനുള്ള കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷമായി. വലിയ കാറുകളിലേക്ക് പോകാന്‍ ബാങ്കുകാര്‍ തന്നെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കാര്‍ ഡീലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല നേരത്തെ വായ്പയുടെ പ്രോസസിംഗിനായി ഒരാഴ്ച വരെ എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 7-8 മണിക്കൂര്‍ കൊണ്ട് വായ്പ ലഭിക്കും.

വരുമാനത്തിലുള്ള വര്‍ധന: കേരളത്തിലെ 35 വയസില്‍ താഴെയുള്ള പ്രൊഫഷണലുകള്‍ കൂടുതലായി പ്രീമിയം ഹാച്ച്ബാക്കുകളും കോംപാക്റ്റ് എസ്.യു.വികളും തെരഞ്ഞെടുക്കുന്നുണ്ട്. യുവാക്കളുടെയും ആദ്യമായി കാര്‍ വാങ്ങുന്നവരുടെയും ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വരുമാനത്തിലുണ്ടായ വര്‍ധനയാണ്. യുവാക്കളായ ഉപഭോക്താക്കളാണ് കാര്‍ വിപണിയുടെ പുതിയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുപോലെ തന്നെ കുടുംബങ്ങളുടെ വരുമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. അതാണ് വാഹനങ്ങളുടെ വിലവര്‍ധനയും ഇന്ധനവില വര്‍ധനയും ഈ മേഖലയെ കാര്യമായി ബാധിക്കാത്തതെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷിതത്വത്തിന് കൊടുക്കുന്ന പ്രാധാന്യം: കാറിന്റെ വിലയെക്കാളുപരി അതിന്റെ വിവിധ ഫീച്ചറുകള്‍ക്കും സുരക്ഷിതത്വത്തിനും ഇപ്പോള്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ടുതന്നെ സേഫ്റ്റി ഫീച്ചറുകളില്ലാത്ത ചെറിയ കാറുകളിലേക്ക് അവര്‍ പോകുന്നില്ല. യുവാക്കളാകട്ടെ കാറിലെ വിവിധ ടെക് ഫീച്ചറുകള്‍ ഏറെ ശ്രദ്ധിക്കുന്നു. സുരക്ഷിതത്വത്തിന് ഊന്നല്‍ കൊടുക്കുന്നതിനാല്‍ വനിതകളും കൂടുതലായി വലിയ കാറുകളും എസ്.യു.വികളും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതായി ഡീലര്‍മാര്‍ പറയുന്നു. കാറിന്റെ വിലയേക്കാളുപരി മികച്ച സര്‍വീസിംഗ് ലഭിക്കുമെന്നും അവര്‍ ഉറപ്പുവരുത്തുന്നു.

തീരുമാനമെടുക്കുന്നത് കുട്ടികള്‍: കാര്‍ വാങ്ങുന്നതില്‍ വീട്ടിലെ കുട്ടികളുടെ വാക്കുകളാണ് പലപ്പോഴും അന്തിമമാകുന്നതെന്ന് ഈ മേഖയിലുള്ളവര്‍ പറയുന്നു. മാതാപിതാക്കള്‍ക്ക് ചെറിയ കാറുകളോടാണ് താല്‍പ്പര്യമെങ്കിലും കുട്ടികള്‍ പ്രീമിയം കാറുകളിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇവരാകട്ടെ ഇന്റര്‍നെറ്റില്‍ നിന്ന് എല്ലാം മനസിലാക്കിയാണ് കാര്‍ തെരഞ്ഞെടുക്കാന്‍ ഷോറൂമിലെത്തുന്നത്. മുന്‍കാലങ്ങളില്‍ വനിതകള്‍ ചെറുകാറുകളാണ് ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അവരും പ്രീമിയം കാറുകളിലേക്കും എസ്.യു.വികളിലേക്കും മാറാന്‍ തുടങ്ങിയിട്ടുണ്ട്.

വാഹനത്തെക്കുറിച്ചുള്ള വ്യാപകമായ അറിവ്: വിവിധതരം മോഡലുകളെക്കുറിച്ചും അവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഇപ്പോഴത്തെ ഉപഭോക്താക്കള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇന്റര്‍നെറ്റില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയശേഷമാണ് അവര്‍ ഷോറൂമിലെത്തുന്നത്. എക്‌സ്‌പോഷര്‍ കൂടുതലായതുകൊണ്ടു തന്നെ താഴ്ന്ന മോഡലുകളിലേക്ക് പോകാന്‍ അവര്‍ക്ക് മടിയാണ്. വാഹനങ്ങളെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യക്കാരാണ് മുന്നിലെന്ന് ഈയിടെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it