റോഡ് കീഴടക്കാന്‍ പള്‍സര്‍ 250 സഹോദരങ്ങള്‍

ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡിനോട് നമുക്ക് ഒരു പ്രത്യേക മമത എന്നും ഉണ്ടായിട്ടുണ്ട്. അത്തരമൊരു ഇരുചക്ര വാഹന ബ്രാന്‍ഡാണ് ബജാജ്. 'ഹമാരാ ബജാജ്' എന്ന പാട്ട് ഒരുകാലത്ത് നമ്മളെല്ലാവരും പാടി നടന്നിരുന്നു. അങ്ങനെയുള്ള നമ്മുടെ ബജാജ് ഇന്ന് അറിയപ്പെടുന്നതു തന്നെ 'പള്‍സര്‍' ബൈക്ക് സീരീസിലൂടെ യാണ്. വ്യത്യസ്ത വിഭാഗത്തിലേക്കുള്ള പള്‍സര്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്ന ബജാജ്, പുതിയ രണ്ട് മോഡലുകള്‍ 2021ല്‍ വിപണിയില്‍ എത്തിക്കുകയുണ്ടായി. പള്‍സര്‍ എന്‍ 250 യും എഫ് 250 യും. 250 സിസി വിഭാഗത്തിലുള്ള ഈ രണ്ട് ബൈക്കുകളെയാണ് ഈ ലക്കത്തില്‍ നമ്മള്‍ പരിചയപ്പെടുന്നത്.

249 സിസി 4 സ്ട്രോക്ക് ഫ്യുവല്‍ ഇന്‍ജക്ടറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഈ പുതിയ 250 ഇരട്ട സഹോദരങ്ങള്‍ക്കുള്ളത്. 24.5 പിഎസ് കരുത്തും 21.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത് 5 സ്പീഡ് ഗിയര്‍ബോക്സാണ്. ഒരു ലിറ്റര്‍ പെട്രോളില്‍ 45 കിലോമീറ്റര്‍ ആണ് പുതിയ പള്‍സറിന്റെ ഇന്ധനക്ഷമതയായി കമ്പനി അവകാശപ്പെടുന്നത്.
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണെങ്കിലും മറ്റ് എതിരാളികളില്‍ ഉള്ളതുപോലെ, ഡബിള്‍ ചാനല്‍ അല്ല, മറിച്ച് സിംഗിള്‍ ചാനല്‍ എബിഎസ് ആണുള്ളത്.
സ്പോര്‍ട്ടി ഡിസൈന്‍
വളരെ ആകര്‍ഷണീയമായിട്ടാണ് പുതിയ പള്‍സര്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.
പള്‍സര്‍ എന്‍എസ് മോഡലിനെയും ആര്‍എസ് മോഡലിനെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈന്‍ പഴയ പള്‍സറിന്റെ 'എവല്യൂഷണറി' ഡിസൈന്‍ ആയി വേണം കരുതാന്‍. എന്‍ 250 നേക്കഡ് ബൈക്കിന്റെ ഭാഷ്യമാണ് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ എഫ് 250 കുറേക്കൂടി ട്യൂറിംഗ് ബൈക്കിന്റെ ഭാഷ്യത്തിലാണ് ഉടലെടുത്തിട്ടുള്ളത്. ഫ്ളോട്ടിംഗ് ഡിസൈന്‍ മാതൃകയാണ് ഈ പുതിയ പള്‍സറിന് ബജാജ് നല്‍കിയിട്ടുള്ളത്. മുന്‍വശത്ത് എന്‍ 250 ക്കുള്ള അതേ ഡിസൈനില്‍ ഫേറിംഗ് നല്‍കിയിട്ടാണ് എഫ് 250 ഉള്ളത്. എന്നാല്‍ ഡിആര്‍എല്ലിന്റെ ഡിസൈനിന് മാറ്റം ഉണ്ട്. ബാക്കിയെല്ലാം തന്നെ ഏറെക്കുറെ ഒരുപോലെയാണ് രണ്ട് ബൈക്കിലും ഉള്ളത്. സ്പോര്‍ട്ടി ഡിസൈനാണ് എന്നതില്‍ തര്‍ക്കമില്ല.
ഉയരം കുറഞ്ഞ റൈഡര്‍ സീറ്റ് അനായാസം ഉപയോഗിക്കാം, ഉയരം കുറഞ്ഞവര്‍ക്ക് സൗകര്യപ്രദവുമാണ്. സീറ്റിന്റെ കുഷ്യന്‍ കംഫേര്‍ട്ട് വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതാണ്. പിന്‍ഭാഗത്തെ ആകര്‍ഷണം ടെയില്‍ ലൈറ്റാണ്. 17 ഇഞ്ചിന്റെ 'വൈ' സ്പോക്ക് ഡിസൈനാണ് വീലില്‍ വന്നിട്ടുള്ളത്. എന്നാല്‍ വീലിന്റെ ഭാരം കുറച്ചിട്ടുണ്ട്; 500 ഗ്രാം വീതം. മൊത്തത്തില്‍ ബൈക്കിന്റെ ഭാരം തന്നെ കുറയ്ക്കാന്‍ പുതിയ ഷാസിസിന് സാധിച്ചിട്ടുണ്ട്.
പള്‍സര്‍ പ്രേമികളെ വലയിലാക്കും
ദീര്‍ഘദൂര യാത്രികരും സിറ്റി യാത്രികരും അടങ്ങിയിട്ടുള്ള വിഭാഗമാണ് പള്‍സറിന്റെ ഉപഭോക്താക്കളില്‍ കൂടുതല്‍ ഉള്ളതെന്നതു കൊണ്ടുതന്നെ പള്‍സര്‍ രൂപഘടന ചെയ്തിട്ടുള്ളതും അത്തരക്കാരെ ലക്ഷ്യംവെച്ചാണ്. ഈ ബൈക്കുകള്‍ ഓടിക്കുമ്പോഴും അത് മനസ്സിലാക്കാനാവും. എഫ് 250യുടെ ഹാന്‍ഡിലും റൈഡിംഗ് പൊസിഷനും വലിയവിഭാഗം ആളുകള്‍ക്ക് സൗകര്യപ്രദമാണ്. എന്‍ 250 ആകട്ടെ സ്പോര്‍ട്ടി റൈഡ് ഇഷ്ടപ്പെടുന്ന യുവ തലമുറയ്ക്കാണ് കൂടുതല്‍ നല്ലത്. യാത്രാസുഖം എടുത്തു പറയേണ്ടതു തന്നെയാണ്. മികച്ച സസ്പെന്‍ഷനും ഷാസിസും ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാണ്. പള്‍സര്‍ ആരാധകരുടെ സന്തോഷവും ആവേശവും വര്‍ധിപ്പിക്കുന്ന ഈ പുതിയ പള്‍സറിന്റെ വില എന്‍ 250 ക്ക് 1.37 ലക്ഷവും എഫ് 250ക്ക് 1.66 ലക്ഷം രൂപയുമാണ്.
അത്യാഡംബര റെക്കോര്‍ഡ്!
ആഡംബര കാറുകളുടെ അവസാന വാക്കായി അറിയപ്പെടുന്ന റോള്‍സ് റോയ്സിന് 2021 റെക്കോര്‍ഡ് വര്‍ഷമായി. 117 വര്‍ഷം പഴക്കമുള്ള ഈ ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ഏറ്റവും കൂടിയ വില്‍പ്പന നടന്ന വര്‍ഷമാണ് 2021. 5,586 റോള്‍സ് റോയ്സുകളാണ് കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ എത്തിയത്. 49 ശതമാനം വില്‍പ്പന വര്‍ധനയാണ് 2020ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ ഉണ്ടായതെന്നാണ് കമ്പനി സിഇഒ ടോര്‍സ്റ്റണ്‍ മ്യൂള്ളര്‍ ഒറ്റ്വോസ് അറിയിച്ചത്. ചൈന, അമേരിക്ക, ഏഷ്യ- പസഫിക് രാജ്യങ്ങളാണ് ഈ ആഡംബര കാറുകളെ ഏറെയും സ്വന്തമാക്കിയത്. പുതിയ ഗോസ്റ്റും ഏക എസ്.യു.വി മോഡലായ കള്ളിനനുമാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട മോഡല്‍.
(ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ജേണലിസ്റ്റും വേള്‍ഡ് കാര്‍ ഓഫ് ദ ഇയറിന്റെ ജൂറി ബോര്‍ഡ് അംഗവുമാണ് ലേഖകന്‍)Related Articles

Next Story

Videos

Share it