ടാറ്റ പഞ്ച് EV, ടിയാഗോ EV എന്നിവ വമ്പന്‍ ഡിസ്കൗണ്ടില്‍, ₹ 1.2 ലക്ഷം കുറച്ചതിന് പിന്നാലെ ₹ 56,000 വരെ കിഴിവ്

ഇലക്ട്രിക്ക് വാഹന വിപണി ചൂടുപിടിക്കുകയാണ്. ആളുകള്‍ വലിയ തോതില്‍ ഇ.വി കള്‍ വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ച് ഷോറൂമുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയാണ് പ്രധാന കാരണം.
ഇലക്ട്രിക്ക് കാര്‍ വില്‍പ്പന ഗണ്യമായ തോതില്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ച് ഇ.വി, ടിയാഗോ ഇ.വി എന്നിവയ്ക്ക് യഥാക്രമം 1.2 ലക്ഷം രൂപയും 40,000 രൂപയും ടാറ്റ മോട്ടോഴ്സ് അടുത്തിടെ കുറച്ചിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും ഡിസ്കൗണ്ട് ഓഫറുകളുമായി എത്തിയിരിക്കുകയാണ് കമ്പനി.
ഈ മാസം ഉത്സവ സീസണ്‍ നടക്കുന്നതിനാല്‍ വില കുറവ് ഉപയോക്താക്കളെ കാര്യമായി സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഗ്രീൻ ബോണസ് എന്ന് വിളിക്കുന്ന ഡിസ്കൗണ്ടും കോർപ്പറേറ്റ് കിഴിവുകളും ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ടാറ്റ പഞ്ച് ഇ.വി

ഈ വാഹനത്തിന് 26,000 രൂപ വരെ കിഴിവ് ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുകളും കമ്പനി നല്‍കും. സിട്രോൺ eC3 വാഹനമാണ് ഈ സെഗ്മെന്റില്‍ പഞ്ച് ഇ.വി യുടെ പ്രധാന എതിരാളി. വാഹനത്തിന്റെ വില 10.99 ലക്ഷം-14.99 ലക്ഷം രൂപയിൽ നിന്ന് 9.99 ലക്ഷം-13.79 ലക്ഷം രൂപയായി കമ്പനി കുറച്ചത് കഴിഞ്ഞ മാസമാണ്.
35kWh ബാറ്ററിയുളള 365km MIDC റേഞ്ച്, 25kWh ബാറ്ററിയുളള 265km റേഞ്ച് എന്നീ മോഡലുകളാണ് പഞ്ച് ഇ.വി യില്‍ ലഭ്യമാക്കിയിട്ടുളളത്.

ടാറ്റ ടിയാഗോ ഇ.വി

56,000 രൂപ വരെ കിഴിവാണ് ഈ വാഹനത്തിന് പുതുതായി നല്‍കുന്നത്. കഴിഞ്ഞ മാസമാണ് ടിയാഗോ ഇ.വി യുടെ വിലയും ടാറ്റ കുറച്ചത്. ഈ ഇലക്‌ട്രിക് ഹാച്ച്ബാക്കിന് ഇപ്പോൾ 7.99 ലക്ഷം മുതൽ 10.99 ലക്ഷം രൂപ വരെയാണ് വില. ഈ മാസം 24kWh ബാറ്ററിയുള്ള (275km റേഞ്ച്) മിഡ്-സ്പെക്ക് XT വേരിയന്റിന് 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ചെറിയ 19.2kWh ബാറ്ററിയുള്ള (221km MIDC റേഞ്ച്) എൻട്രി ലെവൽ ടിയാഗോ EV XE, XT എന്നിവയ്ക്ക് 10,000 രൂപ വരെ ക്യാഷ് കിഴിവ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
Related Articles
Next Story
Videos
Share it