Begin typing your search above and press return to search.
എസ്.യു.വിയാണ് ഇപ്പോൾ താരം; കുഞ്ഞൻ കാറിന് ഡിമാൻഡ് കുറയുന്നു
രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ സംയുക്തമായി ജൂണില്‍ രേഖപ്പെടുത്തിയ മൊത്ത (ഹോള്‍സെയില്‍) പാസഞ്ചര്‍ വാഹന (കാര്‍, എസ്.യു.വി., വാന്‍) വളര്‍ച്ച രണ്ട് ശതമാനം മാത്രമെന്ന് നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട്.
2022 ജൂണിലെ 3.20 ലക്ഷത്തില്‍ നിന്ന് 3.27 ലക്ഷം വാഹനങ്ങളായാണ് കഴിഞ്ഞ മാസത്തെ വില്‍പന കൂടിയത്. ചെറു കാറുകളുടെ (എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍) ഡിമാന്‍ഡ് കുറയുന്നതും ഉയര്‍ന്ന പലിശഭാരവും പണപ്പെരുപ്പവും വലിയ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നുണ്ടെന്ന് സിയാം അഭിപ്രായപ്പെട്ടു. ഇരുചക്ര വാഹന വില്‍പന വളര്‍ച്ച ജൂണില്‍ 1.7 ശതമാനം മാത്രം വര്‍ദ്ധനയോടെ 13.30 ലക്ഷത്തിലെത്തി. 2022 ജൂണില്‍ വില്‍പന 13.08 ലക്ഷം വാഹനങ്ങളായിരുന്നു.
മുച്ചക്രത്തില്‍ മുന്നേറ്റം
ഓട്ടോറിക്ഷകള്‍ക്ക് രാജ്യത്ത് വലിയ സ്വീകാര്യതയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം വില്‍പന 26,701 യൂണിറ്റുകളില്‍ നിന്ന് 53,019 എണ്ണമായി ഉയര്‍ന്നു. അതേസമയം, വാണിജ്യ വാഹന വില്‍പന 2.24 ലക്ഷത്തില്‍ നിന്ന് 2.17 ലക്ഷമായി കുറഞ്ഞു.
എസ്.യു.വികളാണ് താരം
നടപ്പുവര്‍ഷം (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ മൊത്ത പാസഞ്ചര്‍ വാഹന വില്‍പന വളര്‍ച്ച 9 ശതമാനമാണ്. 2022-23ലെ സമാനപാദത്തിലെ 9.10 ലക്ഷത്തില്‍ നിന്ന് 9.95 ലക്ഷമായി എണ്ണമുയര്‍ന്നു.
ഇതില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്.യു.വി., എം.യു.വി) വാഹനങ്ങളുടെ വില്‍പന 4.64 ലക്ഷത്തില്‍ നിന്ന് 18 ശതമാനം കുതിച്ച് 5.46 ലക്ഷത്തിലെത്തി.
ചെറുകാറുകളുടെ വില്‍പന വളര്‍ച്ച ഒരു ശതമാനം മാത്രമാണ്. 4.11 ലക്ഷത്തില്‍ നിന്ന് 4.13 ലക്ഷത്തിലേക്ക്. വാനുകളുടെ വില്‍പന 34,432ല്‍ നിന്ന് 35,648 എണ്ണത്തിലെത്തി; വര്‍ദ്ധന 4 ശതമാനം.
ഇവയ്ക്കാണ് പ്രിയം
കഴിഞ്ഞപാദത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്.യു.വി ടാറ്റാ നെക്‌സോണാണ് (43,252 എണ്ണം). ഹ്യുണ്ടായ് ക്രീറ്റ (43,082), മാരുതി ബ്രെസ (35,812), ടാറ്റാ പഞ്ച് (33,048), ഹ്യുണ്ടായ് വെന്യൂ (32,161) എന്നിവയാണ് ആദ്യ 5ല്‍ യഥാക്രമമുള്ള മറ്റ് എസ്.യു.വികള്‍.
തിളങ്ങിയവരും മങ്ങിയവരും
പാസഞ്ചര്‍ വാഹന (പി.വി) വില്‍പനയില്‍ കഴിഞ്ഞ പാദത്തില്‍ മാരുതി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, ടൊയോട്ട, എം.ജി മോട്ടോര്‍ എന്നിവ വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍ കിയ, ഹോണ്ട, റെനോ, സ്‌കോഡ, ഫോക്‌സ്‌വാഗന്‍, ഇസുസു എന്നിവ കുറിച്ചത് നഷ്ടമാണ്.
Next Story
Videos