ജെഎൽആർ പ്രതിസന്ധി: 27,000 കോടി നഷ്ടം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്
തുടർച്ചയായ മൂന്നാം ത്രൈമാസപാദത്തിലും നഷ്ടം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ലക്ഷ്വറി കാർ യൂണിറ്റായ ജാഗ്വർ ലാൻഡ് റോവറിലെ (ജെഎൽആർ) പ്രതിസന്ധിയാണ് ഇതിന് പിന്നിൽ.
ഒക്ടോബർ-ഡിസംബർ പാദത്തിൽ 26,993 കോടി രൂപയാണ് നഷ്ടം. 27,838 കോടി രൂപ ജെഎൽആറിന് ഇംപെയർമെന്റ് ചാർജ് ആയി എഴുതിത്തള്ളിയതാണ് ഇത്ര ഭീമമായ സംഖ്യ നഷ്ടമായി രേഖപ്പെടുത്താനുള്ള കാരണം.
ഒരു തരം എക്കൗണ്ടിങ് പ്രാക്ടീസ് ആണ് ഇത്തരം എഴുതിത്തള്ളൽ. ഇംപെയർമെന്റ് ചാർജ് എന്നാണ് ഈ തുകയെ വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ ഒരു ഭാഗം ആസ്തിയുടെ മൂല്യം/ഗുഡ് വിൽ ബുക്കിൽ എഴുതിത്തള്ളുകയാണ് ചെയ്യുന്നത്. ഇത് കമ്പനിയുടെ സാമ്പത്തിക നിലയെ നേരിട്ട് ബാധിക്കുകയില്ല. പണം ഉണ്ടാക്കാനുള്ള ഒരു ആസ്തിയുടെ കഴിവ് കുറയുമ്പോഴാണ് ഈ രീതി അവലംബിക്കാറ്.
മുൻവർഷം ഇതേ കാലയളവിൽ ടാറ്റ മോട്ടോഴ്‌സ് 1,077 കോടി രൂപ ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.
ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനത്തിൽ 72 ശതമാനവും ജെഎൽആറിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ 2018 ജെഎൽആറിന് അത്ര നല്ല വർഷമല്ലായിരുന്നു. ഡീസൽ വാഹനങ്ങൾക്കുള്ള ഡിമാൻഡ് കുറഞ്ഞതും ചൈനയിലെ ബിസിനസ് തളർച്ചയും ബ്രെക്സിന്റെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥയും ജെഎൽആറിന് തിരിച്ചടിയായ ഘടകങ്ങളായിരുന്നു.
വരുമാനം (revenue) 5 ശതമാനം ഉയർന്ന് 77,000 കോടി രൂപയിലെത്തി. അതേസമയം പ്രവർത്തനലാഭം (Operating profit) 20 ശതമാനം കുറഞ്ഞ് 6,381 കോടിയിലെത്തി.