

ബജാജ് കമ്പനികളെ വന്‍ വളര്‍ച്ചയിലേക്കു നയിച്ച അര നൂറ്റാണ്ടു കാലത്തെ സംഭവ ബഹുലമായ സേവനത്തിനു വിരാമം കുറ്റിച്ച് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാഹുല്‍ ബജാജ് അണിയറയിലേക്കു മാറുന്നു. ബജാജിന് ഇതിനകം 75 വയസ്സ് തികഞ്ഞിരിക്കുന്നതിനാല്‍, നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കുന്നതിന് സെബി ചട്ടപ്രകാരം തപാല്‍ ബാലറ്റ് വഴി ഓഹരിയുടമകളുടെ അംഗീകാരം എടുക്കുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു.
എക്‌സിക്യൂട്ടീവ് ചെയര്‍മാനായി രാഹുല്‍ ബജാജിന്റെ കാലാവധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി പറഞ്ഞു. ബജാജ് ഓട്ടോയുടെ അമരത്ത് കര്‍മ്മനിരതനായിരിക്കവേ തന്നെ രാഷ്ട്രീയവും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യം ശ്രദ്ധിക്കുന്ന അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ശീലം വ്യവസായ പ്രമുഖര്‍ക്കിടയില്‍ രാഹുല്‍ ബജാജിനെ വ്യത്യസ്തനാക്കി.
1965 ലാണ് ബജാജ് ഗ്രൂപ്പ് ബിസിനസ്സിന്റെ ചുമതല രാഹുല്‍ ബജാജ് ഏറ്റെടുത്തത്. ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടോയുടെ വിറ്റുവരവ് വെറും 7.2 കോടിയില്‍ നിന്ന് 12,000 കോടി രൂപയായി ഉയര്‍ത്തിയത് കമ്പനിയുടെ സ്‌കൂട്ടറുകള്‍ മുഖ്യധാരയാക്കിക്കൊണ്ടാണ്. സങ്കുചിത സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഉദാരവല്‍ക്കരണത്തിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തന വേളയില്‍ ഭാവനാപൂര്‍ണ്ണമായ വൈവിധ്യവത്ക്കരണത്തിലൂടെയാണ് സ്ഥാപനത്തെ അദ്ദേഹം നയിച്ചത്. ബജാജ് ബ്രാന്‍ഡിനൊപ്പം ആഗോള വിപണിയില്‍ ചുവടുറപ്പിച്ചുകൊണ്ട് ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും വിജയം കൈവരിച്ചു.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയുമായാണ് രാഹുല്‍ ബജാജ് ബിസിനസ് നടത്തിപ്പിനെത്തിയത്. 2006-2010 കാലത്ത് രാജ്യസഭാംഗമായിരുന്നു.സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തികഫോറത്തിന്റെ അമ്പതാമത് ആഗോള ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു അദ്ദേഹം.2005 ല്‍ രാഹുല്‍ ബജാജ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍ പദവിയിലേക്കു വന്ന മകന്‍ രാജീവ് ബജാജിന് കൈമാറിത്തുടങ്ങി.
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയില്‍ തുറന്നടിച്ച് രണ്ടു മാസം മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു രാഹുല്‍ ബജാജ്. 'ഞങ്ങള്‍ ഭയത്തിലാണ്, അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും ഞങ്ങളുടെ മനസ്സിലുണ്ട്. വ്യവസായ മേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ആരും ഇതിനെതിരേ സംസാരിക്കില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് വിശ്വാസമില്ല. ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ട്. എല്ലാവര്‍ക്കുമായി സംസാരിക്കാന്‍ എനിക്കാവില്ല. പക്ഷേ എനിക്ക് പറയാതിരിക്കാനാവില്ല' - രാഹുല്‍ ബജാജ് അന്നു പറഞ്ഞതിങ്ങനെ.
കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് പുരസ്‌കാരദാന ചടങ്ങിലാണ് രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് ഭരണ പക്ഷ രാഷ്ട്രീയ ചേരിയില്‍ നിന്ന് വലിയ ആക്ഷേപമാണ് അദ്ദേഹത്തിനു നേരെയുണ്ടായത്. അതേസമയം, സോഷ്യല്‍ മീഡിയ രാഹുല്‍ ബജാജിനെ ഹീറോയാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine