മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാം; എം.വി.ഡിയുടെ നിര്‍ദേശങ്ങള്‍

മഴക്കാലമെത്താറായി. മഴക്കാലത്തിനുമുമ്പ് അപകടങ്ങള്‍ കുറക്കാനായി ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് (M.V.D). വണ്ടിയോടിക്കുന്നവരും റോഡിലൂടെ നടക്കുന്നവരുമെല്ലാം ശ്രദ്ധിക്കാനുണ്ട് വിവിധ കാര്യങ്ങള്‍. നിര്‍ദേശങ്ങള്‍ കാണാം.

1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തില്‍ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക.

2. സാധാരണ വേഗതയില്‍ നിന്നും അല്‍പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.

3. വാഹനത്തിന്റെ വൈപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.

4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്‌നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്‌നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

5. പഴയ റിഫ്ളക്ടര്‍ / സ്റ്റിക്കറുകള്‍ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്ളക്ടറുകള്‍ ഒട്ടിക്കുക. മുന്‍വശത്ത് വെളുത്തതും, പിറകില്‍ ചുവന്നതും വശങ്ങളില്‍ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്‌ലക്ടറുകളാണ് വേണ്ടത്.

6. വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം

7.വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു 'വലിയ 'കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.

8. മുന്‍പിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്ത് പൂര്‍ണമായും നില്‍ക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റന്‍സ്) മഴക്കാലത്ത് കൂടുതലായിരിക്കും.

9. ബസ്സുകളില്‍ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം

10. കുടചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.

11. വിന്‍ഡ് ഷിന്‍ഡ് ഗ്ലാസ്സില്‍ ആവി പിടിക്കുന്ന അവസരത്തില്‍ എ.സി.യുള്ള വാഹനമാണെങ്കില്‍ എ.സി.യുടെ ഫ്ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക

12. മഴക്കാലത്ത് വെറുതെ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവര്‍മാര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

13. റോഡരികില്‍ നിര്‍ത്തി കാറുകളില്‍ നിന്ന് കുട നിവര്‍ത്തി പുറത്തിറങ്ങുമ്പോള്‍ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവര്‍.

കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെയേറെ ശ്രദ്ധാപൂര്‍വം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാന്‍ പാടുള്ളൂ.

പൊതുജനങ്ങളോട്

1 മഴക്കാലത്ത് പൊതുവേ കാഴ്ച കുറവായിരിക്കും. ആയതിനാല്‍ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡില്‍കൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കുക.

2. ഇളം നിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക എന്നത് നമ്മളെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലതാണ്.

3. റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കില്‍ ഫുഡ്പാത്തില്‍കൂടി നടക്കുക.

4. കുട ചൂടി നടക്കുമ്പോള്‍ റോഡില്‍ നിന്ന് പരമാവധി ദൂരം മാറി നടക്കുക.

5. വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാന്‍ .

6. കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയില്‍ ഒന്നിലേറെ പേര്‍.

7.സൈക്കിള്‍ യാത്രചെയ്യുമ്പോള്‍ ഇരട്ട സവാരി ഒഴിവാക്കുക

8.നല്ല ത്രെഡുള്ള ടയറുകള്‍, റിഫ്ളക്ടര്‍, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകള്‍, ലൈറ്റ് എന്നിവ ഉറപ്പാക്കുക.

9.വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക

10.ഒരു വാഹനത്തേയും മറികടക്കരുത്

11.കുടചൂടിക്കൊണ്ട് സൈക്കിള്‍ ഓടിക്കരുത്

12.റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇത് ഇടയാക്കും

13.വാഹനങ്ങളില്‍ കുട്ടികളെ പറഞ്ഞുവിടുന്നവര്‍ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം

14.ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it