4.98 കോടി രൂപ വില, 12 ഭാഗ്യശാലികള്‍ക്ക് മാത്രം കിട്ടും, റേഞ്ച് റോവര്‍ രണ്‍ഥംഭോര്‍ എഡിഷന്‍ വിപണിയില്‍

പ്രശസ്തമായ രണ്‍ഥംഭോര്‍ കടുവകളെയും അതേ പേരിലുള്ള ടൈഗര്‍ റിസര്‍വിനെയും അനുസ്മരിപ്പിക്കുന്ന രണ്‍ഥംഭോര്‍ ആഡംബര എസ്.യു.വി വിപണിയിലെത്തിച്ച് റേഞ്ച് റോവര്‍. 4.98 കോടി രൂപ വിലയുള്ള വാഹനം 12 യൂണിറ്റുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കുക. നിലവില്‍ വിപണിയിലുള്ള ലോംഗ് വീല്‍ബേസ് എഡിഷനെ അടിസ്ഥാനമാക്കി റേഞ്ച് റോവറിന്റെ ബീസ്‌പോക് എസ്.വി ഡിവിഷനാണ് (Bespoke SV division) വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് വേണ്ടി ഒരു സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം റേഞ്ച് റോവര്‍ വിപണിയിലെത്തിക്കുന്നത്. വാഹനത്തിന്റെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നും ഇന്ത്യയിലെ കടുവാ സംരക്ഷണത്തിനായി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് സംഭാവന നല്‍കുമെന്നും കമ്പനി അറിയിച്ചു.

ആഡംബരം മാത്രമല്ല

ആവാസ വ്യവസ്ഥയില്‍ വിഹരിക്കുന്ന കടുവകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് വാഹനത്തിന്റെ ഉള്‍ഭാഗം തയ്യാറാക്കിയിരിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രീമിയം ക്വാളിറ്റിയുള്ള ലെതറും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുറകിലേക്ക് ചരിക്കാവുന്ന സീറ്റുകള്‍, ക്ലബ്ബ് ടേബിള്‍, കപ്‌ഹോള്‍ഡറുകള്‍, റെഫ്രിജറേറ്റഡ് കംപാര്‍ട്ട്‌മെന്റ് എന്നിവ വാഹനത്തിന് ലക്ഷ്വറി ടച്ച് നല്‍കുന്നു. ഓരോ വാഹനത്തിലും ബീസ്‌പോകിന്റെ ബാഡ്ജും വാഹനത്തിന്റെ 1-12 വരെയുള്ള സീരിയല്‍ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 394 ബി.എച്ച്.പി കരുത്തും 550 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ്.

രണ്‍ഥംഭോര്‍ ടൈഗര്‍ റിസര്‍വ്

ആരവല്ലി-വിന്ധ്യാ പര്‍വത നിരകള്‍ സംഗമിക്കുന്നിടത്ത് രാജസ്ഥാനിലെ സവായ് മധോപൂരില്‍ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്ക്. ഇതിനുള്ളിലാണ് പ്രശസ്തമായ രണ്‍ഥംഭോര്‍ ടൈഗര്‍ റിസര്‍വുള്ളത്. സമീപത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള രണ്‍ഥംഭോര്‍ കോട്ടയില്‍ നിന്നാണ് നാഷണല്‍ പാര്‍ക്കിനും ഇതേ പേര് വന്നത്. റോയല്‍ ബംഗാര്‍ കടുവകളെ കാണാന്‍ കഴിയുന്ന ഇവിടേക്ക് നടത്തുന്ന വൈല്‍ഡ് ലൈഫ് സഫാരികള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്. കടുവകളെ കൂടാതെ വിവിധ തരത്തിലുള്ള മൃഗങ്ങളെയും പ്രകൃതി ഭംഗിയും അസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്.
Related Articles
Next Story
Videos
Share it