ഇലക്ട്രിക് വാഹന തരംഗം നിയമനങ്ങളിലും, ഇവി മേഖലയില്‍ വരാനിരിക്കുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍
രാജ്യത്തെ വാഹന വിപണിയിലെ ഇലക്ട്രിക്കിലേക്കുള്ള ഗതിമാറ്റത്തിന് വേഗത കൂടിയതോടെ, തൊഴിലവസരങ്ങളും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച പിഎല്‍ഐ സ്‌കീമിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളും കമ്പനികളും ഈ രംഗത്തേക്ക് വരുമെന്നതിനാലാണ് ഇലക്ട്രിക് വാഹന രംഗത്ത് തൊഴിലവസരങ്ങള്‍ ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം നിയമനങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ സജീവമായി രംഗത്തുള്ള ഓല ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ അടക്കമുള്ള വാഹന നിര്‍മാതാക്കളുടെ തങ്ങളുടെ ഇവി ശ്രേണിയില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്നതിനാല്‍ റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്, സപ്ലൈ ചെയിന്‍, എച്ച്ആര്‍, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയേക്കും.