അടിമുടി പുതുമകളുമായി റെനോ ട്രൈബർ; വില 4.95 ലക്ഷം
റെനോയുടെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ശ്രേണിയിലെ ഏറ്റവും പുതിയ താരമായ ട്രൈബര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 4.95 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 6.49 ലക്ഷവും. നാല് വകഭേദങ്ങളാണുള്ളത്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിന്‍ 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമേകുന്നു. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രൈബറിന് 3990 എംഎം ആണ് നീളം. 1739 എംഎം വീതിയും 1643 എംഎം ഉയരവും 2636 എംഎം വീല്‍ബേസും. ഗ്രൗണ്ട് ക്ലിയറന്‍സ് 182 എംഎം. ഭാരം 947 കിലോഗ്രാം. ആവശ്യത്തിന് ലെഗ് സ്‌പേസുള്ളതാണ് മൂന്ന് നിര സീറ്റുകള്‍. 5 സീറ്ററാകുമ്പോള്‍ 625 ലിറ്ററും 6 സീറ്ററില്‍ 320 ലിറ്ററും 7 സീറ്ററിലേക്ക് മാറുമ്പോള്‍ 84 ലിറ്ററുമാണ് ട്രൈബറില്‍ ലഭിക്കുന്ന ബൂട്ട് സ്‌പേസ് കപ്പാസിറ്റി.
റെനോയുടെ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ട്രൈബറും ഒരുക്കിയത്. ഇന്ത്യന്‍ വിപണിയിലെത്തുന്ന റെനോ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തതയാര്‍ന്നതാണ് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലാര്‍ ഡിസൈന്‍. സ്‌റ്റൈലിഷ് തന്നെ സ്മാര്‍ട്ട് ലുക്കിങ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍. വലിപ്പമേറിയ റെനോ ലോഗോയുണ്ട് മുന്നിലെ വലിയ ട്രിപ്പിള്‍ എഡ്ജ് ക്രോം ഗ്രില്ലില്‍. മുന്‍ ബമ്പറുകള്‍ക്ക് നടുവിലായി എയര്‍ ഇന്‍ടേക്ക് നല്‍കിയിരിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും, സില്‍വര്‍ നിറത്തിലുള്ള സ്‌കഫ് പ്ലേറ്റുകളുമുണ്ട്.
എംപിവിക്ക് ഇണങ്ങുന്ന സ്റ്റെലിഷ് ഡിസൈന്‍ ആണ് വശങ്ങളില്‍. പിന്‍ഭാഗത്തേതും ലളിതമായ ഡിസൈന്‍ ശൈലി തന്നെ. നേര്‍ത്ത വ്രാപ്പ് എറൗണ്ട് ടെയില്‍ ലാമ്പുകളും, നമ്പര്‍പ്ലേറ്റിനുമുകളില്‍ വരുന്ന ട്രൈബര്‍ ബാഡ്ജിങ്ങും, ബ്രേക്ക് ലൈറ്റുകള്‍ വരുന്ന ചെറിയ റൂഫ് സ്പോയിലറും, പിന്‍ ബമ്പറുകള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന സില്‍വര്‍ നിറത്തിലുള്ള സ്‌കഫ്പ്ലേറ്റുകളും വാഹനത്തിന്റെ പിന്‍വശത്തെ മനോഹരമാക്കുന്നു.15 ഇഞ്ച് അലോയ് വീലുകളും, ഇരുണ്ട റൂഫ് റെയിലുകളും.
വാഹനത്തിന്റെ ഉള്‍വശവും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇരട്ട ടോണ്‍ നിറത്തിലുള്ള ഡാഷ്ബോര്‍ഡാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ വരുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സഹിതമാണ് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം. സ്‌പോര്‍ട്ടി ഡിസൈനിലുള്ള 3.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡോറിലും മറ്റുമായി യാത്രക്കാര്‍ക്ക് ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍ എന്നിവ അകത്തളം സമ്പന്നമാക്കുന്നു.
എല്‍ഇഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, രണ്ടും മൂന്നും നിരകളില്‍ എസി വെന്റുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയ്ക്കൊപ്പം നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ട്രൈബറില്‍ റെനോ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി എന്ന വിശേഷണത്തോടെ ഓണ്‍ലൈന്‍ വഴിയും റെനോ ഡീലര്‍ഷിപ്പുകള്‍ വഴിയും ട്രൈബറിന്റെ ബുക്കിങ്ങ് ഈ മാസം 17 -ന് ആരംഭിച്ചിരുന്നു. 11,000 രൂപയാണ് ബുക്കിങ് തുക. താമസിയാതെ തന്നെ ഡെലിവറികള്‍ ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഇന്ത്യയില്‍ നിന്നാണ് ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയായ ട്രൈബറിനെ ആഗോള തലത്തില്‍ അവതരിപ്പിച്ചത്.