

സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടിരുന്ന ഒരു കാലത്തായിരുന്നു റെനോ ആര്‍ 4 നിരത്തിലിറങ്ങിയത്. അതേ വെല്ലുവിളികള്‍ തന്നെയാണ് ഈവര്‍ഷം നിര്‍മാണം തുടങ്ങുന്ന 4 ഇ ടെക്ക് 60 വര്‍ഷത്തിന് ശേഷം നേരിടാനൊരുങ്ങുന്നതും. അന്നുണ്ടായിരുന്ന 600 സിസി മുതല്‍ 800 സിസി വരെ കപ്പാസിറ്റിയുള്ള 4 സിലിണ്ടര്‍ എഞ്ചിന്റെ സ്ഥാനത്ത് 40 കിലോവാട്ട് അവര്‍ അല്ലെങ്കില്‍, 52 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കുകളാണുള്ളത്. അന്ന് സാമ്പത്തിക വെല്ലുവിളികള്‍ മാത്രം ആയിരുന്നെങ്കില്‍ ഇന്ന് സാമ്പത്തിക മാന്ദ്യവും ഇലക്ട്രിക് വാഹന രംഗത്തുള്ള കടുത്ത മത്സരവുമാണുള്ളത്.
പുറംമോഡിയുടെ കാര്യത്തില്‍ റെനോ വാഹനങ്ങള്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. ആര്‍ 4 ഹാച്ച്ബാക്ക് ആയിരുന്നെങ്കിലും അതിന് ഒരു എസ്റ്റേറ്റ് അല്ലെങ്കില്‍, വാഗണ്‍ സ്‌റ്റൈല്‍ ആയിരുന്നു. അതിന്റെ ഏറ്റവും പുതുമയാര്‍ന്നതും ഭംഗിയുള്ളതുമായ വര്‍ണാനന്തരമാണ് റെനോ 4 ഇ ടെക്കിനുള്ളത്. റൗണ്ട് എല്‍ഇഡി ഹെഡ് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘചതുര ലൈറ്റ് ബാര്‍ മുന്‍വശത്തിന് വ്യക്തിത്വം നല്‍കുന്നു. പ്രകാശിക്കുന്ന വണ്‍ പീസ് ഗ്രില്ലിന് നടുവില്‍ റെനോ ലോഗോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെനോ കാറുകളില്‍ ആദ്യമായിട്ടാണ് പ്രകാശിക്കുന്ന ലോഗോ കൊടുക്കുന്നത്. പിന്നിലെ നാല് ബാഡ്ജിംഗും ഒറിജിനല്‍ ആര്‍ 4ല്‍ ഉണ്ടായിരുന്നത് പോലെ ക്യാപ്‌സൂള്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പും മോഡേണ്‍ ലുക്കില്‍ ആകര്‍ഷകമാണ്. റൂഫ് റെയിലും ഷാര്‍ക്ക് ഫിന്‍ ആന്റിനയും പിന്നില്‍ നിന്നു നോക്കുമ്പോള്‍ ഭംഗി കൂട്ടുന്നു.
സി പില്ലറിന് മുന്നിലായി കൊടുത്തിരിക്കുന്ന ക്വാര്‍ട്ടര്‍ ഗ്ലാസ് ഒറിജിനല്‍ ആര്‍ 4നെ ഓര്‍മിപ്പിക്കും. ഇതേ പ്ലാറ്റ്‌ഫോം, അാുഞ പങ്കിടുന്ന മറ്റൊരു വാഹനമാണ് റെനോ 5. കാഴ്ചയില്‍ സാമ്യത ഇല്ലെങ്കിലും ഏകദേശം 70 ശതമാനത്തോളം കോമ്പോണന്റ്സ് ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, വലുപ്പത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ആര്‍ 4 ഇ ടെക്ക് വരുന്നത്. വീല്‍ബേസ് 2.62 മീറ്ററിലേക്ക് കൂട്ടുമ്പോള്‍ 16.4 സെന്റീമീറ്റര്‍ കൂടുതല്‍ സ്ഥലമാണ് പിന്നിലെ യാത്രക്കാര്‍ക്ക് കിട്ടുന്നത്. അതനുസരിച്ച് ആകെ നീളം 4.14 മീറ്ററിലേക്ക് കൂടുന്നു. അതായത് ആര്‍ 4 ഇ ടെക്ക് റെനോ 5നേക്കാള്‍ വലുതാണെന്നര്‍ത്ഥം.
കാറിനുള്ളില്‍ നല്ല സ്ഥലസൗകര്യമുണ്ട്. കൂടാതെ മുന്നിലെ പാസഞ്ചര്‍ സീറ്റ് ഫ്‌ളാറ്റായി മടക്കാന്‍ സാധിക്കുന്ന ചില പ്രായോഗിക സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫോട്ടെയ്‌ന്മെന്റ് സിസ്റ്റത്തില്‍ ഗൂഗ്ള്‍ ബില്‍ട്ട്-ഇന്‍ ചെയ്ത റെനോയുടെ അവാര്‍ഡ് വിന്നിംഗ് 'ഓപ്പണ്‍ ആര്‍' ലിങ്ക് സിസ്റ്റമാണ് ഉള്ളത്. ഗൂഗ്ള്‍ മാപ് ഉള്‍പ്പെടെയുള്ള സര്‍വീസുകളും ചാര്‍ജിംഗ് ബേസ് ചെയ്ത റൂട്ട് പ്ലാനിംഗും സാധ്യമാണ്. കൂടാതെ, കാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും ചാര്‍ജിംഗ് ഷെഡ്യൂള്‍ ചെയ്യാനും കഴിയും. മുകളിലും താഴെയും ഫ്‌ളാറ്റായ മൂന്ന് സ്‌പ്പോക്ക് സ്റ്റിയറിംഗ് വീല്‍ വളരെ ആകര്‍ഷകവും 10.8 മീറ്റര്‍ ടൈറ്റ് ടേണിംഗ് സര്‍ക്കിളും നല്‍കുന്നു. ബട്ടണ്‍ അമര്‍ത്തി മടക്കാന്‍ പറ്റുന്ന കാന്‍വാസ്, ഹാര്‍ഡ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള റൂഫ് ലഭ്യമാണ്. 420 ലിറ്റര്‍ ബൂട്ട് സ്‌പേസും അതില്‍ ലാഷിംഗ് ഹൂക്കുകളും രണ്ട് ബാഗ് ഹൂക്കുകളും ഉണ്ട്. കൂടാതെ 35 ലിറ്റര്‍ സ്ഥലം ചാര്‍ജിംഗ് കേബിള്‍ വെയ്ക്കാനായി ഫ്‌ളോറിന് താഴെ കൊടുത്തിരിക്കുന്നു.
നിക്കല്‍, മാംഗനീസ്, കൊബാള്‍ട്ട് ടെക്‌നോളജി ഉപയോഗിക്കുന്ന 52 കിലോവാട്ട് അവര്‍ ബാറ്ററിയാണ് റെനോ 4 ഇ ടെക്കിന്റെ ഊര്‍ജ ശ്രോതസ്. ഇതിന്റെ ഭാരം 300 കിലോയേക്കാള്‍ താഴെയാണ് എന്നതാണ് ബാറ്ററി ടെക്‌നോളജിയുടെ പ്രത്യേകത. 150 ഹോഴ്‌സ് പവറും 245 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 110 കിലോവാട്ട് മോട്ടോര്‍, ആര്‍ 4 ഇ ടെക്കിനെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കാന്‍ വെറും 8.5 സെക്കന്‍ഡ് മാത്രമാണ് എടുക്കുന്നത്. 100 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 15 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ആകാന്‍ 30 മിനിറ്റ് മതിയാകും. അതേസമയം, 11 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ നാല് മണിക്കൂര്‍ 30 മിനിറ്റ് എടുക്കും. ഈ ബാറ്ററി പാക്ക് 400 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു എന്ന് റെനോ അവകാശപ്പെടുന്നു. 300 കിലോമീറ്റര്‍ റേഞ്ച് കിട്ടുന്ന 40 കിലോവാട്ട് അവര്‍ ബാറ്ററി പാക്ക് ഓപ്ഷനും ലഭ്യമാണ്.
സുഖകരമായ യാത്രയ്ക്കായി സസ്‌പെന്‍ഷന്‍ പ്രകടനം എന്‍ഹാന്‍സ് ചെയ്തിരിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് സേഫ് എക്‌സിറ്റ് അലര്‍ട്ട് ഉള്‍പ്പെടെ അഡാപ്പ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലേന്‍ സെന്ററിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്കിംഗ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടവ. റെനോ 4 ഇ ടെക്കില്‍ മറ്റെല്ലാ റെനോ കാറുകളിലും കാണുന്നത് പോലെ 'മൈ സേഫ്റ്റി ഷീല്‍ഡ്' ഫീച്ചര്‍ ഉപയോഗിച്ച് ഡ്രൈവര്‍ക്ക് തനിക്കിഷ്ടപ്പെട്ട രീതിയില്‍ സെറ്റിംഗ് ആക്ടിവേറ്റ് ചെയ്യാന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
Read DhanamOnline in English
Subscribe to Dhanam Magazine