അഡാര്‍ ലുക്കുമായി റെനോയുടെ കൈഗര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഐസ് കൂള്‍ വൈറ്റ്, പ്ലാനറ്റ് ഗ്രേ, മൂണ്‍ലൈറ്റ് ഗ്രേ, മഹോഗാനി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ തുടങ്ങിയ ആറ് കളറുകളിലാണ്‌ കൈഗര്‍ എത്തുന്നത്
അഡാര്‍ ലുക്കുമായി റെനോയുടെ കൈഗര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
Published on

ഇന്ത്യന്‍ വാഹന വിപണിയില്‍ കടുത്തമത്സരം നേരിടുന്ന എസ്‌യുവി വിഭാഗത്തിലേക്ക് റെനോയുടെ കൈഗര്‍ എത്തി. ഏറെ പുതുമകളോടെയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ സബ് കോംപാക്ട് എസ്‌യുവി ആയ കൈഗറിനെ തിങ്കളാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചത്.

റെനോ-നിസാന്‍ സഖ്യത്തിന് കീഴില്‍ നിര്‍മ്മിച്ച സിഎംഎഫ്-എ + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ കൈഗര്‍ വിപണിയിലെത്തുന്നത്. നിസാന്റെ പുതിയ എസ്‌യുവി മോഡലായ മാഗ്നൈറ്റിന്റെ സമാന ഘടകങ്ങളാണ് കൈഗറിലുള്ളത്. നിസാന്‍ മാഗ്നൈറ്റ് തന്നെയായിരിക്കും പ്രധാന എതിരാളിയായി വിപണയിലുണ്ടാവുക. അതിനാല്‍ മാഗ്നൈറ്റിന് സമാനമായ തുകയായിരിക്കും കൈഗറിനുമുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RXE, RXL, RXT, ടോപ്പ്-സ്‌പെക്ക് RXZ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ കൈഗര്‍ വാഗ്ദാനം ചെയ്യുമെന്ന് റെനോ നേരത്തെ വ്യക്തമാക്കിയിരുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളിലായിരിക്കും കൈഗര്‍ വിപണിയിലെത്തുക. ഇവ യഥാക്രമം 70 ബിഎച്ച്പി, 96 എന്‍എം ടോര്‍ക്കും 98 ബിഎച്ച്പി, 160 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യും. 5 സ്പീഡ്, എഎംടി, സിവിടി എന്നീ ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാകും.

3,991 മിമി നീളത്തിലും 1750 മിമി വീതിയിലും 1,600 മിമി ഉയരത്തിലുമാണ് കൈഗര്‍ ഒരുക്കിയിട്ടുള്ളത്. 2500 മിമി നീളമുള്ള വീല്‍ബേസും ഇതിനെ ശ്രദ്ധേയമാക്കുന്നു.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും (205 മിമി) ഫങ്ഷണല്‍ മേല്‍ക്കൂര ബാറുകളും വാഹനത്തിന് എസ്യുവി രൂപം നല്‍കുന്നു.

ഐസ് കൂള്‍ വൈറ്റ്, പ്ലാനറ്റ് ഗ്രേ, മൂണ്‍ലൈറ്റ് ഗ്രേ, മഹോഗാനി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, മിസ്റ്ററി ബ്ലാക്ക് മേല്‍ക്കൂരയുള്ള റേഡിയന്റ് റെഡ് എന്നീ ആറ് കളറുകളിലാണ്‌ കൈഗര്‍ എത്തുന്നത്.

ചെന്നൈക്ക് സമീപത്തെ റെനോ-നിസാന്‍ ഉല്‍പ്പാദന പ്ലാന്റില്‍ നിന്നാണ് വാഹനം നിര്‍മിക്കുന്നത്. വാഹനത്തിന്റെ ഉല്‍പ്പാദനം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ആഗോളതലത്തില്‍ തന്നെ ജനുവരി 28 നാണ് വാഹനം അവതരിപ്പിച്ചത്.

മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്‌സ്‌യുവി 300 തുടങ്ങിയവയായിരിക്കും കൈഗറിന്റെ മറ്റ് എതിരാളികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com