

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്ക് ഏപ്രില്‍ മുതല്‍ ഉയരും. ഡല്‍ഹി ഒഴികെ രാജ്യത്തെ മറ്റെല്ലാ ഭാഗങ്ങളിലും രജിസ്‌ട്രേഷന്‍ നിരക്ക് എട്ട് ഇരട്ടിയോളം വര്‍ധിക്കും. 15 വര്‍ഷം മുകളില്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല.
പുതുക്കിയ നിരക്ക് പ്രകാരം 15 വര്‍ഷം പഴക്കമുള്ള കാറിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 5000 രൂപ ആയിരിക്കും ഫീസ്. നിലവില്‍ ഇത് 600 രൂപ മാത്രമാണ്. ഇരുചക്ര വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍ നിരക്ക് 300ല്‍ നിന്ന് 1000 രൂപയായി ആണ് ഉയര്‍ത്തുക. ഇറക്കുമതി ചെയ്ത കാറുകളാണെങ്കില്‍ 40,000 രൂപയാണ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നല്‍കേണ്ടത്. 15,000 രൂപയാണ് നിലവിലെ നിരക്ക്.
സ്വകാര്യ വാഹനങ്ങളുടെ റീ-രജിസ്‌ട്രേഷന് കാലതാമസം വരുത്തിയാല്‍, വൈകുന്ന ഓരോ മാസത്തിനും 3000 രൂപ അധികമായി നല്‍കേണ്ടിവരും. വാണിജ്യ വാഹനങ്ങള്‍ക്ക് 500 രൂപയാണ് പിഴ. ഇതിനുപുറമെ, വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും ചെലവേറും. ഏപ്രില്‍ 1 മുതല്‍ ടാക്സികള്‍ക്ക് 1,000 രൂപയക്ക് പകരം 7,000 രൂപയാകും ഫിറ്റ്‌നസ് ടെസ്റ്റിനായി ഇടാക്കുക. 1,500ല്‍ നിന്ന് 12,500 രൂപയായി ആണ് ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്.
എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. മലിനീകരണത്തിന് കാരണമാവുന്ന പഴയ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് രജിസ്‌ട്രേഷന്‍ നിരക്ക് ഉയര്‍ത്തുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ 2021 ഫെബ്രുവരിയില്‍ കേന്ദ്രം സ്‌ക്രാപ്പിങ് പോളിസി അവതരിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine