ബെംഗളൂരുവിനു സമീപം ലിഥിയം ഖനനം ചെയ്യും

വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ മികച്ച ശേഖരം ബെംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ കണ്ടെത്തി. ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്റെ യൂണിറ്റായ അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റിലെ ഗവേഷകര്‍ നടത്തിയ സര്‍വേയില്‍ 14,100 ടണ്‍ ലിഥിയം ഉണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്.

ഇതുവരെയുള്ള ഗവേഷണ പ്രകാരം ഇലക്ട്രിക് വാഹന ബാറ്ററികള്‍ നിര്‍മ്മിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ അപൂര്‍വ ലോഹമാണ് ലിഥിയം. എട്ടര കിലോമീറ്റര്‍ നീളവും, അര കിലോമീറ്റര്‍ വീതിയും വരുന്ന പ്രദേശത്ത് 30,300 ടണ്‍ അയിര് ആണ് ലഭ്യമാകുകയെന്നും ഇത് ഖനനം ചെയ്തു സംസ്‌കരിക്കുക വഴി 14,100 ടണ്‍ ശുദ്ധലോഹം വേര്‍പെടുത്തിയെടുക്കാനാകുമെന്നും ബാറ്ററി സാങ്കേതികവിദ്യാ വിദഗ്ധന്‍ കൂടിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിറിറ്റസ് പ്രൊഫസര്‍ എന്‍ മുനിചന്ദ്രയ്യ പറഞ്ഞു.

ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ലിഥിയം വന്‍ തോതില്‍ ആവശ്യമാണെങ്കിലും പ്രാദേശിക ശേഖരം ഇതുവരെ കണ്ടെത്തിയിരുന്നില്ല. ക്ലീന്‍ എനര്‍ജി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുപകരിക്കുന്ന സംഭവ വികാസമാകും ഇത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് ഈ കണ്ടെത്തലെങ്കിലും ചിലിയിലെ 8.6 ദശലക്ഷം ടണ്ണും ഓസ്‌ട്രേലിയയിലെ 2.8 ദശലക്ഷം ടണ്ണും അര്‍ജന്റീനയിലെ 1.7 ദശലക്ഷം ടണ്ണും പോര്‍ച്ചുഗലിലെ 60,000 ടണ്ണുമായി താരതമ്യം ചെയ്താല്‍ ഇത് അത്ര വലുതല്ലെന്നും മുനിചന്ദ്രയ്യ അഭിപ്രായപ്പെട്ടു.

ഇന്ത്യ നിലവില്‍ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ലിഥിയം ഇറക്കുമതി ചെയ്യുകയാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 1.2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്തു.2017 സാമ്പത്തിക വര്‍ഷം 384 മില്യണ്‍ ഡോളറിന്റേതും. ഫെബ്രുവരി 2 ന് പാര്‍ലമെന്റില്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ പങ്കിട്ട കണക്കു പ്രകാരം 2019 നവംബര്‍ മുതല്‍ 8 മാസം വരെ രാജ്യത്തെ ലിഥിയം ബാറ്ററി ഇറക്കുമതി ആകെ 929 മില്യണ്‍ ഡോളറിന്റേതായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുള്ള 1.4 ബില്യണ്‍ ഡോളര്‍ പദ്ധതിക്ക് ആക്കം കൂട്ടും ലിഥിയം സ്രോതസെന്ന് വിദഗ്ധര്‍ കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it