വാഹന വില്‍പ്പനയില്‍ 10.24 ശതമാനം ഇടിവ്

വാഹന വില്‍പ്പനയില്‍ 10.24 ശതമാനം ഇടിവ്

Published on

രാജ്യത്ത് വാഹനങ്ങളുടെ റീറ്റെയ്ല്‍ വില്‍പ്പന കഴിഞ്ഞ സെപ്തംബറിലേതിനേക്കാള്‍ കുറഞ്ഞതായി ദി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഫാക്ടറികളില്‍ നിന്ന് ഡീലര്‍മാരിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വാഹന വില്‍പ്പനയില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്ന് കാര്‍ നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിപണിയില്‍ വിറ്റുപോകുന്ന കാറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് ഡീലേഴ്‌സ് അസോസിയേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സെപ്തംബറില്‍ രാജ്യത്ത് ആകെ വിറ്റഴിച്ചത് 13.48 ലക്ഷം യൂണിറ്റുകളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാവട്ടെ 14.98 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്നു. 10.24 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. ആകെ വില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും യാത്രാ വാഹനങ്ങളുടെ വിഭാഗത്തില്‍ 9.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

1,95,665 യൂണിറ്റ് യാത്രാ വാഹനങ്ങളാണ് സെപ്തംബറില്‍ വിറ്റത്. 2019 സെപ്തംബറില്‍ 1.78 ലക്ഷം യൂണിറ്റുകളാണ് വിറ്റിരുന്നത്. കാര്‍ നിര്‍മാതാക്കളുടെ കണക്കു പ്രകാരം 31.5 ശതമാനം അധിക വില്‍പ്പന ഉണ്ടായെന്നാണ്. ഉത്സവ സീസണ്‍ പ്രമാണിച്ച് ഡീലര്‍മാരിലേക്കെത്തിച്ച മൂന്നു ലക്ഷത്തോളം വാഹനങ്ങളുടെ കണക്കു കൂടി ചേര്‍ത്താണിത്. പക്ഷേ യഥാര്‍ത്ഥത്തില്‍ അതില്‍ ഒരു ലക്ഷം വാഹനങ്ങളും വിപണിയില്‍ വിറ്റഴിക്കാനായിട്ടില്ല.

ഇരുചക്ര വാഹനങ്ങള്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെയും വില്‍പ്പന കാര്യമായി ഇടിഞ്ഞു. 2019 സെപ്തംബറില്‍ 11.64 ലക്ഷം യൂണിറ്റ് വിറ്റിടത്ത് ഇത്തവണ 10.16 യൂണിറ്റുകള്‍ മാത്രമാണ് വിറ്റു പോയിരിക്കുന്നത്. 12.62 ശതമാനം ഇടിവ്. ഏറ്റവും കൂടുതല്‍ വില്‍പ്പന കുറഞ്ഞത് മുച്ചക്ര വാഹനങ്ങളുടെ എണ്ണത്തിലാണ്. 58.86 ശതമാനം.

കഴിഞ്ഞ തവണ 58485 യൂണിറ്റ് വിറ്റിരുന്ന സ്ഥാനത്ത് ഇത്തവണ വിറ്റത് 24060 യൂണിറ്റുകള്‍. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന 59683 ല്‍ നിന്ന് 39600 യൂണിറ്റുകളായി കുറഞ്ഞു. അതേസമയം ട്രാക്ടറുകളുടെ വില്‍പ്പന 80.39 ശതമാനം കൂടി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 38008 യൂണിറ്റുകള്‍ മാത്രമാണ് വിറ്റിരുന്നതെങ്കില്‍ ഇത്തവണ അത് 68564 യൂണിറ്റുകളായി വര്‍ധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com