വില കൂടും മുമ്പെ സ്വന്തമാക്കി, ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന റെക്കോഡില്‍!
കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച സബ്‌സിഡി നിരക്കുകള്‍ നിലവില്‍ വന്നതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഇന്നലെ മുതല്‍ ഉയര്‍ന്നു. അതേ സമയം വില വര്‍ധനയ്ക്കു മുന്നേ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ താത്പര്യം കാണിച്ചതോടെ കഴിഞ്ഞ മാസം വില്‍പ്പന ഇരട്ടിയായി.
കഴിഞ്ഞ മെയ് 19 നാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്( FAME) -2 നിബന്ധനകളില്‍ മാറ്റം വരുത്തിയത് വാഹനത്തിന്റെ എക്സ് ഷോറൂം വിലയുടെ പരമാവധി 15 ശതമാനം മാത്രമേ സബ്സിഡി നല്‍കാനാവൂ എന്നാണ് പുതിയ ചട്ടം. നേരത്തെ ഇത് 40 ശതമാനമായിരുന്നു. അതു പ്രകാരം ജൂണ്‍ ഒന്നു മുതല്‍ വൈദ്യുത സ്‌കൂട്ടറുകള്‍ക്കുള്ള സബ്‌സിഡി കിലവാട്ട് അവറിന് 15,000 രൂപയെന്നത് 10,000 രൂപയായി. പഴയ നിബന്ധനകള്‍ പ്രകാരം ചില ഇലക്ട്രിക് ടൂവീലറുകള്‍ക്ക് 60,000 രൂപ വരെ സബ്‌സിഡി ലഭിച്ചിരുന്നതാണ്.
വില ഉയര്‍ത്തിയ കമ്പനികള്‍
ജൂണ്‍ ഒന്നാം തീയതി മുതല്‍ തന്നെ മിക്ക കമ്പനികളും വില വര്‍ധന നടപ്പാക്കി. ബജാജ് ഓട്ടോയുടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 22,000 രൂപയാക്കി. സബ്‌സിഡി നഷ്ടം മുഴുവന്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഏഥര്‍ എനര്‍ജിക്ക് 33,000 രൂപ സബ്‌സിഡി നഷ്ടമുണ്ടെങ്കിലും 10,000 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഏഥര്‍ 450 എക്‌സിന്റെ അടിസ്ഥാന മോഡലിന്റെ വില 1.45 ലക്ഷമാകും. ഉയര്‍ന്ന മോഡലിന് 1.65 ലക്ഷം രൂപയും.
ഓല ഇലക്ട്രിക് കഴിഞ്ഞയാഴ്ച അവരുടെ വിവിധ മോഡലുകള്‍ക്ക് 15,000 രൂപ രൂപ വരെ വില വര്‍ധിപ്പിച്ചു. ഓല എസ് 1 ന്റെ വില 1,14,999 രൂപയില്‍ നിന്നും 1,29,999 രൂപയാക്കി. ഓല എസ് 1എയറിന്റെ വില 84,999 രൂപയില്‍ നിന്ന് 99,999 രൂപയുമാക്കി. എസ് 1 സീരീസിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ഓല എസ് 1 പ്രോയുടെ വില 1,24,999 രൂപയില്‍ നിന്നും 1,39,999 രൂപയായും ഉയര്‍ത്തി.
ടി.വി.എസ് മോട്ടോര്‍ കമ്പനി അവരുടെ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ വില 17,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഗ്രീവ്‌സ് കോട്ടണ്‍ അവരുടെ ആംപെയറിന്റെ വില 21,000 രൂപയ്ക്കും 39,000 രൂപയ്ക്കുമിടയില്‍ വര്‍ധിപ്പിച്ചു. ഹീറോ മോട്ടോര്‍കോര്‍പ്പ് പുതിയ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുത ഇരുചക്ര വാഹന രംഗത്തെ മറ്റു കമ്പനികളും വൈകാതെ വിലവര്‍ധന പ്രഖ്യാപിച്ചേക്കും.
വില്‍പ്പന ഒരു ലക്ഷം കടന്നു
വില ഉയരുമെന്ന് പ്രതീക്ഷിച്ച് കൂടുതല്‍ പേരും മേയ് മാസത്തില്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തത് വില്‍പ്പന റെക്കോഡിലെത്തിച്ചു. വില്‍പ്പന ഇതാദ്യമായി ഒരു മാസത്തില്‍ 1,00,000 യൂണിറ്റ് എന്ന നാഴികകല്ല് കടന്നു.
കഴിഞ്ഞ മാസം ഹൈ-സ്പീഡ് വിഭാഗത്തില്‍ 1,04,771 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തിയെന്ന് പരിവാഹന്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2022 മേയ് മാസത്തെഅപേക്ഷിച്ച് 148 ശതമാനമാണ് വര്‍ധന. ഇക്കാലയളവില്‍ മൊത്തം ടൂ വീലര്‍ വില്‍പ്പനയില്‍ 11 ശതമാനം മാത്രമാണ് വര്‍ധന. ഇക്കഴിഞ്ഞ ഏപ്രിലിലെ വില്‍പ്പനയുമായി നോക്കുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ 5.4 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി. ഓല ഇലക്ട്രിക് 28,438 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചപ്പോള്‍ ടി.വി.എസ് മോട്ടര്‍ 20,254 യൂണിറ്റും ഏഥര്‍ എനര്‍ജി 15,256 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു.