ഓട്ടോമൊബീല്‍ വിപണിയില്‍ ഉണര്‍വ്, ഓഗസ്റ്റ് പ്രതീക്ഷ പകര്‍ന്ന മാസം

ഓട്ടോമൊബീല്‍ വിപണിയില്‍ ഉണര്‍വ്, ഓഗസ്റ്റ് പ്രതീക്ഷ പകര്‍ന്ന മാസം
Published on

കടുത്ത പ്രതിസന്ധിയുടെ നാളുകള്‍ക്ക് ശേഷം വാഹനവിപണിയില്‍ ഉണര്‍വിന്റെ ലക്ഷണങ്ങള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതീക്ഷപകരുന്ന വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് പാസഞ്ചര്‍ വാഹന വിപണിയില്‍ വില്‍പ്പന ഓഗസ്റ്റില്‍ 20 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 18.5 ശതമാനം കൂടുതലാണ്.

എന്‍ട്രി ലെവല്‍ കാറുകള്‍ക്കും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമായിരുന്നു ഏറ്റവും ഡിമാന്റുണ്ടായത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 20 ശതമാനവും വളര്‍ച്ചയുണ്ടായി. ഓള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന ഇരട്ടിയോളം ഉയര്‍ന്നു. 113,033 യൂണിറ്റുകളാണ് ഇക്കാലയളവില്‍ മാരുതി വിറ്റത്.

കൊറിയന്‍ കാര്‍ നിര്‍മാതാവായ ഹ്യുണ്ടായ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 20 ശതമാനം വളര്‍ച്ച നേടി. ക്രെറ്റ, ഐ20 മോഡലുകളാണ് വില്‍പ്പനയില്‍ മുന്നിട്ടുനിന്നത്. 45,809 യൂണിറ്റുകളാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഹ്യൂണ്ടായ് വിറ്റത്.

''ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തത് നിരവധിപ്പേരെ ചെറുകാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയിലും വളര്‍ച്ചയുണ്ടാകുന്നുണ്ട്. പണം ചെലവഴിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.'' പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി. പറയുന്നു.

ടാറ്റ മോട്ടോഴ്‌സ് ആകട്ടെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വില്‍പ്പനയില്‍ 154 ശതമാനം വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7316 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 18,583 യൂണിറ്റുകള്‍ വില്‍ക്കാനായി. ഇന്ത്യയിലെ പുതിയ ബ്രാന്‍ഡുകളിലൊന്നായ കിയയുടെ വില്‍പ്പനവളര്‍ച്ച 74 ശതമാനമാണ്. 10,853 യൂണിറ്റുകളാണ് ഈ ഓഗസ്റ്റില്‍ ഇവര്‍ വിറ്റത്.

എന്നാല്‍ മഹീന്ദ്ര & മഹീന്ദ്രയ്ക്ക് വില്‍പ്പനയില്‍ ഒരു ശതമാനം വളര്‍ച്ച നേടാനെ കഴിഞ്ഞുള്ളു. സപ്ലൈ ചെയ്ന്‍ വെല്ലുവിളികളായിരുന്നു ഇതിന് കാരണമായത്. ഹോണ്ട, ഫോര്‍ഡ്, ഫോക്‌സ്‌വാഗന്‍, ടൊയോട്ട, നിസാന്‍, ഫിയറ്റ് എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ച ഓഗസ്റ്റ് മാസം നെഗറ്റീവിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com