റിവോൾട്ട് ആർവി400: ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു
ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ --ആർവി400--അവതരിപ്പിച്ചു. അടുത്ത നാലു മാസങ്ങൾക്കുള്ളിൽ 7 പ്രധാന നഗരങ്ങളിൽ വാഹനം നിരത്തിലിറക്കാനാണ് പദ്ധതി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ ഈ ബൈക്കിന് ഒറ്റ ചാർജിൽ 156 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 85 kmph ആണ് പരമാവധി വേഗത.
ജൂൺ 25 മുതൽ കമ്പനിയുടെ വെബ്സൈറ്റ് വഴിയും ആമസോൺ വഴിയും പ്രീ-ബുക്കിംഗ് ആരംഭിക്കും. 1000 രൂപയാണ് പ്രീ-ബുക്കിങ്ങിന്. പോർട്ടബിൾ ചാർജിങ് ഓപ്‌ഷനുകളും കമ്പനി നൽകുന്നുണ്ട്.
നാലു മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവുന്ന ബാറ്ററിയാണ് ഇതിന്റേത്.
ഒരു 4G സിം ബൈക്കിൽ എംബെഡ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ സ്മാർട്ട് ഫോണിൽ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌താൽ വാഹനത്തിന്റെ പെർഫോമൻസ്, ഹെൽത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും.
കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്സോസ്റ്റിന്റെ ശബ്ദം മാറ്റാനും ആപ്പ് സഹായിക്കും.